രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയില്‍

Shiv sena against BJP

ലക്‌നൗ : രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നടത്തുന്ന ചലോ അയോധ്യ പരിപാടിയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയില്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശേഖരിച്ച ഇഷ്ടികകളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവര്‍ത്തകരും ഇന്ന് അയോധ്യയില്‍ എത്തും.

അതേസമയം രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ശിവസേന അയോധ്യയില്‍ നടത്താനിരുന്ന റാലിക്ക് യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. റാലിക്ക് പകരം അയോധ്യയിലെ തര്‍ക്കഭൂമി സന്ദര്‍ശിക്കുന്ന ഉദ്ധവ് സന്യാസികളുമായി കൂടിക്കാഴ്ച്ച നടത്തും.

രാമക്ഷ്രേതം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച അയോധ്യയില്‍ സംഘ്പരിവാറിന്റെ ധര്‍മ്മ സഭ നടക്കാനിരിക്കെ അയോധ്യയിലും ഫൈസാബാദിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്.

അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന പരിവാറുകാരുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കാനുള്ള പരിവാര്‍ നീക്കം.

Top