ഉദ്ദവ് താക്കറെയുടെ സ്ഥാനാർത്ഥി റുതുജാ ലത്‌കെ വിജയിച്ചു; രണ്ടാം സ്ഥാനം നോട്ടയ്ക്ക്

മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ശിവസേന ഉദ്ദവ് ബാൽ താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി റുതുജാ ലത്‌കെ വിജയിച്ചു. മൊത്തം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52,507 വോട്ടുകളാണ് റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 10,284 വോട്ടുകളാണ് നോട്ടക്കുള്ളത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയെ ‘ജയിപ്പിക്കാൻ പിന്മാറിയെന്ന്’ അവകാശപ്പെട്ട് ബിജെപി മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല. റുതുജക്ക് പുറമേ സ്വതന്ത്ര സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. എന്നാൽ നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എതിരാളികൾ 2000 രൂപ നൽകി പ്രചാരണം നടത്തിയെന്ന് ശിവസേന ഉദ്ദവ് പക്ഷം ആരോപിച്ചിരുന്നു. നോട്ടയ്ക്ക് വോട്ടു ചെയ്യുന്നത് പഠിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

ശിവസേന വിഘടിച്ച് ഒരു വിഭാഗം ബിജെപിക്കൊപ്പം ഭരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വിഭാഗം മത്സരിച്ചതിലൂടെ ഏറെ ജനശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്. ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയെയും വലിയൊരു വിഭാഗം എംഎൽമാരെയും അടർത്തിയെടുത്ത് സംസ്ഥാനം ബിജെപി ഭരിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടന്നത്. അന്ധേരി ഈസ്റ്റിലെ മുൻ എംഎൽഎ രമേഷ് ലത്‌കെയുടെ ഭാര്യയാണ് ഉദ്ദവ് പക്ഷത്തിന്റെ സ്ഥാനാർഥി റുതുജാ ലത്‌കെ. ദിപശിഖയാണ് ഇവരുടെ ചിഹ്നം. റുതുജയുടെ ഭർത്താവ് രമേഷ് ലത്‌കെ ഹൃദയാഘാതത്തെ തുടർന്ന് 2022ൽ ദുബൈയിൽ വെച്ചാണ് അന്തരിച്ചിരുന്നത്.

Top