കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.
ചെല്ലാനം ട്വന്റി ട്വന്റി കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ ഭരണത്തില്‍ പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിക്കും. നിലവില്‍ എല്‍.ഡി.എഫ്- 9, ട്വന്റി ട്വന്റി-8, യു.ഡി.എഫ്-4 എന്നിങ്ങനെയാണ് കക്ഷി നില.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും ട്വന്റി ട്വന്റിയെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. ട്വന്റി ട്വന്റി അരാഷ്ട്രീയമെന്നായിരുന്നു ഇടത്-വലത് മുന്നണികളുടെ നിലപാട്. എന്നാല്‍ ട്വന്റി ട്വന്റിയെ മാറ്റി നിര്‍ത്തേണ്ടതില്ല എന്ന നിലപാട് യുഡിഎഫ് തീരുമാനിച്ചു. തുടര്‍ന്ന് ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.