സജി ചെറിയാൻ നടത്തിയ പരാമർശം ഒരിക്കലും മന്ത്രി എന്ന നിലയിൽ നടത്താൻ പാടില്ലാത്തതു തന്നെയാണ്. ഇക്കാര്യം സി.പി.എം നേതൃത്വവും തുറന്നു പറഞ്ഞു കഴിഞ്ഞു. അദ്ദേഹം രാജിവച്ച് മാറി നിൽക്കാനും തയ്യാറായി. ഇനി എം.എൽ.എ സ്ഥാനം കൂടി സജി ചെറിയാൻ രാജി വയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതാകട്ടെ യു.ഡി.എഫിനെ സംബന്ധിച്ച് മറ്റൊരു രാഷ്ട്രീയ അജണ്ട കൂടിയാണ്. ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കോൺഗ്രസ്സ് ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂർ തിരിച്ചു പിടിക്കാൻ കഴിയും എന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് നേതാക്കളെ ഇപ്പോൾ നയിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നൽകിയ വിജയമാണ് ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ.
നിലവിലെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് ആഗ്രഹിക്കാൻ പ്രതിപക്ഷത്തിന് തീർച്ചയായും അവകാശമുണ്ട്. അതുപോലെ തന്നെ തന്ത്രപരമായ നിലപാടു സ്വീകരിക്കാൻ സി.പി.എമ്മിനും അവകാശമുണ്ട്. ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുന്നത്. സജി ചെറിയാനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും അതിന്റെ ഭാഗമാണ്. ഇങ്ങനെ വേട്ടയാടാൻ തക്ക ഒരു പാപം സജി ചെറിയാൻ ചെയ്തിട്ടുണ്ടോ എന്ന കാര്യവും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ അപ്രിയങ്ങളായ സത്യങ്ങളുണ്ടെങ്കിലും ഇല്ലങ്കിലും ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരു മന്ത്രി അത് പറയാൻ പാടില്ലായിരുന്നു. ഇക്കാര്യത്തിൽ തർക്കമില്ല. തന്റെ ഒരു വാക്ക് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ സർക്കാറിനോ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് തോന്നിയതു കൊണ്ടു കൂടിയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരിക്കുന്നത്. ഭൂമി തന്നെ ഇല്ലാതായാലും വേണ്ടില്ല രാജിവയ്ക്കില്ലന്ന് ശഠിക്കുന്ന അനവധി ജനപ്രതിനിധികൾ ഉള്ള ഈ രാജ്യത്ത് സജി ചെറിയാന്റെ രാജിയും ഒരു മാതൃകയാണ്.പരമ്പരാഗതമായി തനിക്കു കിട്ടിയത് ഉൾപ്പെടെ മുഴുവൻ സ്വത്തും അതായത് വീട് ഉൾപ്പെടെ തന്റെ മരണശേഷം “കരുണ”യ്ക്കായി എഴുതി വെച്ച കരുണയുള്ള കമ്യൂണിസ്റ്റാണ് അദ്ദേഹം. അതു കൊണ്ടും തീർന്നില്ല ഡോക്ടർമാരായ മക്കളോട് മാസത്തിൽ 10 ദിവസം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നടത്തണമെന്നത് മുദ്രപത്രത്തിൽ എഴുതി വാങ്ങിയ പിതാവ് കൂടിയാണദ്ദേഹം.
ചെങ്ങന്നൂർ എന്ന വലതുപക്ഷ മണ്ഡലത്തെ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയാക്കി മാറ്റാൻ സജി ചെറിയാനു സാധിച്ചതും ജനഹൃദയങ്ങളിൽ അദ്ദേഹം ചെങ്കൊടിക്ക് ഉണ്ടാക്കിയ ആഴമേറിയ വേരുകൾ മൂലമാണ്. ഇതെല്ലാം അത്ര പെട്ടന്ന് പറിച്ചെറിയാൻ കോൺഗ്രസ്സിനു കഴിയുകയില്ല. തൃക്കാക്കര പോലെ ഏത് കാലാവസ്ഥയിലും കോൺഗ്രസ്സിന് ജയിക്കാൻ കഴിയുന്ന മണ്ഡലമല്ല ഇന്ന് ചെങ്ങന്നൂർ. അതും ഒരു യാഥാർത്ഥ്യമാണ്. ഇന്നലെ പെയ്ത മഴക്ക് പൊട്ടിമുളച്ച രാഷ്ട്രീയക്കാരനല്ല സജി ചെറിയാൻ എസ്.എഫ്.ഐയിലൂടെ ആയിരുന്നു അരങ്ങേറ്റം.
കോൺഗ്രസ് കുടുംബത്തിൽ ജനിച്ച കമ്യൂണിസ്റ്റ്. 1978-ൽ എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐ.യിൽ ചേരുന്നത്. 1979-ൽ വെണ്മണി മാർത്തോമാ ഹൈസ്കൂളിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി പിന്നീട് നേതൃപദവിയിലെത്തി. കെ.എസ്.യു.വിന്റെ കുത്തകയായിരുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽനിന്ന് 1981-ൽ എസ്.എഫ്.ഐ.യുടെ ആദ്യ ഒന്നാംവർഷ പ്രീഡിഗ്രി പ്രതിനിധിയായും സജി ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 25 വർഷത്തെ കെ.എസ്.യു. ഭരണമവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു.
മധ്യതിരുവിതാംകൂറിൽ സി.പി.എമ്മിന്റെ പ്രധാന ക്രൈസ്തവമുഖമാണ് സജി ചെറിയാൻ. ചെങ്ങന്നൂരിലെ എല്ലാ ജാതിസമവാക്യങ്ങളെയും അപ്രസക്തമാക്കി റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂരിപക്ഷത്തിനു പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ ജനകീയത വലിയ പങ്കാണ് വഹിച്ചിരിക്കുന്നത് എന്നത് വലതുപക്ഷ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരുണ എന്ന പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ പിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചത് നാട്ടുകാരനായ സജി ചെറിയാനെയായിരുന്നു. പക്ഷേ ആ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ യുവതുർക്കി വിഷ്ണുനാഥിനോട് 5,132 വോട്ടിനു പരാജയപ്പെടുകയാണ് ഉണ്ടായത്. ആ തോൽവിയിൽനിന്നാണ് പിന്നീട് 12 വർഷത്തിനുശേഷം ഈ കമ്യൂണിസ്റ്റ് ഉയിർത്തെഴുന്നേറ്റിരുന്നത്. തുടർന്ന് ചുവന്നു തുടുത്ത ചെങ്ങന്നൂരിനെയാണ് രാഷ്ട്രീയ കേരളം കണ്ടിരുന്നത്.
സി.പി.എം, സംസ്ഥാനവ്യാപകമായി പാലിയേറ്റീവ് മേഖലയിലേക്കും കൃഷിയടക്കമുള്ള രംഗങ്ങളിലേക്കും കടക്കാൻ തീരുമാനിച്ചപ്പോൾ അത് ആദ്യം നടപ്പാക്കിയ ജില്ലകളിലൊന്ന് ആലപ്പുഴയായിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ സജി ചെറിയാനാണ് ഇതിനും മുൻകൈയെടുത്തിരുന്നത്. അങ്ങനെയാണ് സ്വന്തം മേൽനോട്ടത്തിൽ ചെങ്ങന്നൂർ കേന്ദ്രീകരിച്ച് 2014-ൽ കരുണ പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുണ്ടാക്കിയത്. ഇപ്പോഴത് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് സൊസൈറ്റികളിലൊന്നായി മാറിയിട്ടുണ്ട്.4,700-ഓളം രോഗികളെയാണ് ഈ സൊസൈറ്റി ഭവനങ്ങളിൽപ്പോയി സൗജന്യമായി ശുശ്രൂഷിക്കുന്നത്. 570 കിടപ്പുരോഗികൾക്കും വീടുകളിൽ പരിചരണം നൽകുന്നുണ്ട്. സ്വന്തമായി മെഡിക്കൽ സ്റ്റോറും ആംബുലൻസും മികച്ച ലാബുകളും എല്ലാം സൊസൈറ്റിക്കുണ്ട്. 1,000 പേർക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണവും തെരുവിൽ അന്തിയുറങ്ങുന്നവരെ ഏറ്റെടുത്ത് സംരക്ഷണം നൽകി വരുന്നതും ഈ പ്രസ്ഥാനമാണ്. ഇതിനു പുറമെ അശരണർക്കു വീടുകൾ വച്ചുനൽകുന്നുമുണ്ട്. 400-ഓളം വൊളന്റിയർമാരും 60-ഓളം ജീവനക്കാരുമാണ് കരുണയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൊഴുവല്ലൂർ കോമൻകുളങ്ങര പാടത്തിനു സമീപത്തെ വലിയ കാടായിരുന്ന മലമ്പ്രദേശം ഇന്ന് മികച്ച കൃഷിയിടമാക്കിയതും സജി ചെറിയാന്റെ നേതൃത്വത്തിൽ കരുണയാണ്. 2018-ലെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ സജി ചെറിയാനെത്തുമ്പോൾ അദ്ദേഹം സ്വന്തംനിലയിലും ജനകീയ അടിത്തറയുണ്ടാക്കി കഴിഞ്ഞിരുന്നു. കോൺഗ്രസിലെയും ബി.ജെ.പി.യിലെയും കരുത്തരെ കടപുഴക്കിയാണ് ആ തിരഞ്ഞെടുപ്പിൽ സജി ചെറിയാൻ ചെങ്കൊടി നാട്ടിയിരുന്നത്. 20,956 വോട്ടിന്റെ തിളക്കമാർന്ന വിജയമായിരുന്നു അത്. കഴിഞ്ഞവർഷം രണ്ടാമൂഴത്തിനു രംഗത്തിറങ്ങുമ്പോൾ ഭൂരിപക്ഷം കാൽലക്ഷവും കടന്ന് 32,093 വോട്ടായി മാറുകയാണ് ഉണ്ടായത്.ഈ ചരിത്ര നേട്ടത്തിന് സി.പി.എം നേതൃത്വം സജി ചെറിയാനു നൽകിയ പരിഗണനയാണ് മന്ത്രി പദവി. ആ മന്ത്രി പദവിയാണ് അദ്ദേഹത്തിന് ഇപ്പോൾ രാജിവയ്ക്കേണ്ടി വന്നിരിക്കുന്നത്. മന്ത്രിയായാലും സജി ചെറിയാനും ഒരു മനുഷ്യനാണ്. അതുകൊണ്ടു തന്നെ തെറ്റുകളും പിഴവുകളും പറ്റുന്നതും സ്വാഭാവികമാണ്. അത് തിരുത്തി മുന്നോട്ട് പോകുകയാണ് ഇനി ചെയ്യേണ്ടത്. അതിനുള്ള സാഹചര്യമാണ് പ്രതിപക്ഷവും ഒരുക്കേണ്ടത്. അതല്ലാതെ കേവലം രാഷ്ട്രീയ അജണ്ട മാത്രം മുൻ നിർത്തി മുന്നോട്ടു പോയാൽ ആ പരിപ്പ് ചെങ്ങന്നൂരിന്റെ മണ്ണിൽ വേവാനുള്ള സാധ്യതയും വളരെ കുറവാണ്.
EXPRESS KERALA VIEW