മഞ്ചേരി: കേരളത്തില്‍ ദേശീയ ജനസഖ്യാ കണക്കെടുപ്പ് നടപടികള്‍ ഇപ്പോഴും തുടരുകയാണെന്ന് യുഡിഎഫ്. എന്‍പിആര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദ്ദേശം അടിസ്ഥാനമാക്കി മഞ്ചേരി നഗരസഭ സെക്രട്ടറി സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്ത് പ്രതിപക്ഷ ഉപനേതാവ് പുറത്തുവിട്ടു.
സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വിശദീകരണവുമായി മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തി. എന്‍പിആര്‍ സംബന്ധിച്ച് വ്യക്തത നല്‍കിയിട്ടും വീഴ്ച വരുത്തിയതിന് മഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടി തുടങ്ങിയതായി താമരശ്ശേരി തഹസില്‍ദാര്‍ നോട്ടീസിറക്കിയത് വിവാദമായിരുന്നു. എന്‍പിആര്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയാല്‍ നടപടിയുണ്ടാകുമെന്ന് കത്തില്‍ പറയുന്നു. ഇതേ സമയം തന്നെയാണ് എന്‍പിആര്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കുന്നത്.
എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ കത്ത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നവംബര്‍ 12-ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല എന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.