മത വികാരങ്ങളെ വൃണപ്പെടുത്തരുത്, യുഡിഎഫും കോണ്‍ഗ്രസും വിശ്വാസികള്‍ക്കൊപ്പം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി ഒരു മത വികാരങ്ങളെയും വൃണപ്പെടുത്തരുത്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു സമീപനവും ആരുടെയും ഭാഗത്തു നിന്നുമുണ്ടാകരുത്. എല്ലാം മതങ്ങളിലും വിശ്വാസവും മിത്തും തമ്മില്‍ യോജിക്കില്ല. ഷംസീര്‍ പ്രസ്താവന പിന്‍വലിക്കണം. യുഡിഎഫും കോണ്‍ഗ്രസും വിശ്വാസികള്‍ക്കൊപ്പമാണ് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

വിശ്വാസത്തെ സംരക്ഷിക്കാനുള്ള അവകാശം എന്‍എസ്എസിനുണ്ട് എന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസികളായ കോണ്‍ഗ്രസ്സ് അണികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. വിശ്വാസ സംരക്ഷണം യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും അജണ്ട. സ്പീക്കര്‍ക്ക് അബദ്ധം പറ്റിയതാണേല്‍ അത് പറയണം. അല്ലാതെ അനാവശ്യമായി ബിജെപിക്കും സംഘപരിവാറിനും ചൂട്ടു പിടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി യും സിപിഐഎമ്മും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ഇത്. ശബരിമല വിഷയത്തിന് ശേഷം സിപിഐഎം വീണ്ടും വിശ്വാസികളെ വെല്ലുവിളിക്കുന്നു. പിന്മാറിയില്ലെങ്കില്‍ സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകും. ബിജെപി ഈ വിഷയത്തില്‍ അനാവശ്യ മുതലെടുപ്പ് നടത്തുന്നു. സംഘപരിവാറും ബിജെപിയും മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അതിനു ചൂട്ടുപിടിക്കുന്ന സമീപനമാണ് ഷംസീറിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top