ഒരു കാലത്ത് കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്ല വേരോട്ടമുണ്ടായിരുന്ന മണ്ണായിരുന്നു ഇടുക്കി. എന്നാല്‍ ആ മണ്ണ് 2006 മുതല്‍ ചുവന്ന് തുടുത്താണിരിക്കുന്നത്. ആകെയുള്ള അഞ്ചു സീറ്റുകളില്‍ 2006 മുതല്‍ മേല്‍കൈ ഇടതുപക്ഷത്തിനാണ്. അന്ന് അഞ്ചില്‍ നാലു സീറ്റും ഇടതുപക്ഷമാണ് തൂത്തുവാരിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മൂന്ന് യു.ഡി.എഫ്-2 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ ഇടുക്കി മണ്ഡലം ഇടതുപക്ഷത്തിന്റെ കണക്കിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ വലിയ വിജയ പ്രതീക്ഷയിലാണ് ഇടതുപക്ഷമുള്ളത്.
യു.ഡി.എഫിനാകട്ടെ തൊടുപുഴ മാത്രമാണ് കാര്യമായ വിജയ പ്രതീക്ഷയുള്ളത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം മുന്‍ നിര്‍ത്തി തൊടുപുഴയില്‍ പി.ജെ.ജോസഫിനെ വീഴ്ത്താമെന്നതാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ ഇപ്പോള്‍ വലിയ വാശിയുള്ളത് കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിനാണ്. ഇടുക്കിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വാശിയില്‍ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫിന് ജോസഫിന്റെ വിജയം അനിവാര്യം തന്നെയാണ്. പ്രത്യേകിച്ച് ജോസഫിന്റെ അണികള്‍ക്ക് ചെറിയ തിരിച്ചടി പോലും വലിയ പ്രത്യാഘാതമാണ് ആ പാര്‍ട്ടിയിലുണ്ടാക്കുക. എന്നാല്‍ തൊടുപുഴയുടെ കാര്യത്തില്‍ വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ് പി.ജെ ജോസഫ് നിലവില്‍ മുന്നോട്ട് പോകുന്നത്.
ഇരു മുന്നണികളെയും എതിര്‍ത്ത് എന്‍.ഡി.എയും കളത്തില്‍ സജീവമാണ്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, തൊടുപുഴ എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 1991-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ചിരുന്നത് യു.ഡി.എഫായിരുന്നു. അതില്‍ തൊടുപുഴയില്‍ പി.ടി.തോമസ് ഉള്‍പ്പെടെ നാലിടത്തും ജയിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ 96-ല്‍ സ്ഥിതി ആകെ മാറി. തൊടുപുഴയിലും പീരുമേട്ടിലും ഇടുക്കിയിലും അക്കാലത്ത് ജയിച്ചത് ഇടതുപക്ഷമായിരുന്നു. യു.ഡി.എഫിനാകട്ടെ രണ്ടു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. അന്ന് പി.ജെ.ജോസഫ് ഇടതുപക്ഷത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.
2001-ല്‍ വീണ്ടും യു.ഡി.എഫ് ആധിപത്യം തിരിച്ചുപിടിക്കുകയുണ്ടായി. തൊടുപുഴ ഉള്‍പ്പെടെ നാലിടത്ത് യു.ഡി.എഫ് ജയിച്ചപ്പോള്‍ ഇടതുപക്ഷത്തിന് ഉടുമ്പന്‍ചോല മാത്രമാണ് ലഭിച്ചിരുന്നത്. തുടര്‍ച്ചയായി യു.ഡി.എഫ് ജയിച്ചുവന്ന ഇവിടെ കെ.കെ.ജയചന്ദ്രന്‍ ആദ്യമായി എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. 2006-ല്‍ വീണ്ടും സ്ഥിതി മാറിമറിഞ്ഞു. അഞ്ചില്‍ നാലും ഇടതുപക്ഷം ജയിച്ചപ്പോള്‍ യു.ഡി.എഫ് ഇടുക്കി മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങിപ്പോയി. കോണ്‍ഗ്രസിന് ഒരു എം.എല്‍.എ. പോലും ഇല്ലാത്ത സ്ഥിതി തുടങ്ങുന്നത് 2006 മുതലാണ്. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന്റെ സ്ഥിരം സീറ്റുകള്‍ ആകുന്നതും ഈ ഘട്ടത്തിലാണ്.
2011 ആയപ്പോഴേക്കും പി.ജെ.ജോസഫ് ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞു. ഇതിനുശേഷം 2011-16 കാലഘട്ടത്തിലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം-3, യു.ഡി.എഫ്-2 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. കേരള കോണ്‍ഗ്രസിന്റെ ബലത്തിലാണ് യു.ഡി.എഫ് ഇടുക്കിയിലും തൊടുപുഴയിലും ജയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്തായതോടെ ജില്ലയിലെ നാലു സീറ്റും ഇടതുപക്ഷത്തിന് ഒപ്പമാണുള്ളത്. യു.ഡി.എഫ് തൊടുപുഴയില്‍ മാത്രമായി തളക്കപ്പെട്ടിരിക്കുകയാണ്. ജോസ് വിഭാഗത്തിന്റെ പിന്തുണയില്‍ ഈ തിരഞ്ഞെടുപ്പില്‍ മേല്‍കൈ നിലനിര്‍ത്തുവാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞാല്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഇടുക്കിയില്‍ ശിഥിലമാകും. കാരണം വീണ്ടും ഒരു പരാജയം കൂടി ഏറ്റുവാങ്ങാനുള്ള ശേഷി ജില്ലയിലെ കോണ്‍ഗ്രസ്സിനില്ല.
തൊടുപുഴയില്‍ വീണാല്‍ ജോസഫിന്റെ പാര്‍ട്ടിയുടെ ഏര്‍പ്പാടും അതോടെ അവസാനിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉടുമ്പന്‍ചോലയില്‍ എം.എം.മണിയുമാണ് വീണ്ടും മത്സരിക്കുന്നത്. ദേവികുളത്ത് പുതുമുഖമായ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എ രാജയാണ് സ്ഥാനാര്‍ത്ഥി. പീരുമേട്ടില്‍ സി.പി.ഐയിലെ വാഴൂര്‍ സോമനും കളത്തിലിറങ്ങിയിട്ടുണ്ട്. തൊടുപുഴയില്‍ ഇടതുപക്ഷം മത്സരിപ്പിക്കുന്നത് കെ.ഐ ആന്റണിയെയാണ്. യു.ഡി.എഫില്‍ തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെയാണ് മത്സരിക്കുന്നത്. ഇടുക്കിയില്‍ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജാണ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ദേവികുളത്ത് ഡി കുമാര്‍, ഉടുമ്പന്‍ ചോലയില്‍ അഡ്വ ഇഎം അഗസ്റ്റിന്‍, പീരുമേട്ടില്‍ സിറിയക് തോമസ് എന്നിവരാണ് മറ്റു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍.
ഇടുക്കി ഡി.സി.സി അദ്ധ്യക്ഷന്‍ റോയ് കെ പൗലോസിന് സീറ്റ് നല്‍കാതിരുന്നതിലെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ അത് ജില്ലയിലെ യു.ഡി.എഫിന്റെ പ്രതീക്ഷകളെയാണ് തകിടം മറിക്കുക. ഇക്കാര്യത്തില്‍ വലിയ ആശങ്ക കെ.പി.സി.സി നേതൃത്വത്തിനുമുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എയും ശക്തമായ പ്രവര്‍ത്തനവുമായി ജില്ലയില്‍ സജീവമാണ്. ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രനും, തൊടുപുഴയില്‍ ഷൈമ രാജും, പീരുമേട് – ശ്രീനഗരി രാജനുമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. ഘടക കക്ഷിയായ ബി.ഡി.ജെ.എസ് ഇടുക്കിയില്‍ അഡ്വ സംഗീത രവീന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എന്‍.ഡി.എ. ഭേദപ്പെട്ട മത്സരം കാഴ്ചവെച്ചിരുന്നു. ആ ശക്തി ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി മുന്നണി മുന്നോട്ട് പോകുന്നത്. ഇടുക്കി ജില്ല തൂത്ത് വരാന്‍ ഇടതുപക്ഷവും പിടിച്ചു നില്‍ക്കാന്‍ യു.ഡി.എഫും കൂടി രംഗത്തിറങ്ങിയതോടെ വാശിയേറിയ പോരാട്ടത്തിനാണ് ഇവിടെ കൊടി ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാറിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് ഇടതു പക്ഷത്തിന്റെ പ്രചരണം. വാഗ്ദാനങ്ങളും അതിനപ്പുറവും നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രകടന പത്രികയെ സഖാക്കള്‍ പരിചയപ്പെടുത്തുന്നത്. യു.ഡി.എഫും എന്‍.ഡി.എയും ആകട്ടെ ഇപ്പോഴും വിവാദങ്ങളുടെ പിന്നാലെ പോയാണ് പ്രധാനമായും ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് അവര്‍ക്ക് കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും ഏറെ സജീവമാണ്.