udf-bjp harthal will continue protest police action against jishnu pranoy’s family

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്ക് നേരെയുണ്ടായ പൊലീസ് കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം.

കൊല്ലത്ത് ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമണമാണ് നടന്നത്. കൊല്ലത്തും തിരുവനന്തപുരത്തും പലയിടത്തും വാഹനം തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ കൊല്ലത്ത് ബസ്സുകള്‍ തല്ലിത്തകര്‍ത്തു. മൂന്നു ബസ്സുകളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്തത്. തിരുവനന്തപുരത്ത് തിരുവല്ലത്തും കോവളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.

കൊച്ചിയില്‍ ഐജി ഓഫീസിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ്, പി.ടി.തോമസ് എംഎല്‍എ എന്നിവരുടെ നേതൃത്വലായിരുന്നു മാര്‍ച്ച്.

കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബുവിന്റെ തലയ്ക്ക് ലാത്തിയടിയേറ്റു. അദ്ദേഹത്തെ ഉള്‍പ്പടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വന്‍ പൊലീസ് സേനയെയാണ് ആക്രമണ സംഭവങ്ങള്‍ നേരിടാനായി സംസ്ഥാന വ്യാപകമായി നിയോഗിച്ചിരുന്നത്.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ വിഷയം ‘കത്തിച്ച്’ നിര്‍ത്താന്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മുന്‍കരുതല്‍

എ ആര്‍ ക്യാംപില്‍ നിന്നടക്കം സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സേനയെ നിയോഗിച്ചിരുന്നു.

അതേസമയം മന്ത്രിമാരടക്കമുള്ളവരുടെ യാത്രകളിലും പരിപാടികളിലും ജാഗ്രത പാലിക്കാന്‍ പൊലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എബിവിപി മന്ത്രിമാരെ തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Top