udf-bjp-kerala-assembly-election-cpm-

തിരുവനന്തപുരം : സംസ്ഥാനത്ത് യു.ഡി.എഫ് – ബി.ജെ.പി ധാരണ മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സി.പി.എം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ഇടതുമുന്നണി സംസ്ഥാന നേതൃ യോഗം വിളിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനാണ് തീരുമാനം.

സംസ്ഥാന വ്യാപകമായി മണ്ഡലം അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ക്കുന്ന ഇടതു മുന്നണി കണ്‍വന്‍ഷനില്‍ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് സംബന്ധിച്ച് നേതൃത്വം റിപ്പോര്‍ട്ട് ചെയ്യും.

വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്തും, തെരുവുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും, യുഡിഎഫ്-ബിജെപി ‘കൂട്ടുകെട്ടിനെതിരെ’ ആഞ്ഞടിക്കാനാണ് പദ്ധതി.

ബിജെപി ലക്ഷ്യമിടുന്ന നേമം ഉള്‍പ്പെടെയുള്ള ഏതാനും ചില സീറ്റുകളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ടുകള്‍ മറിച്ച് നല്‍കാനുള്ള സാധ്യതയും സിപിഎം മുന്നില്‍ കാണുന്നുണ്ട്. ഇതിന് പ്രത്യുപകാരമായി യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച സംഘ്പരിവാര്‍ ഉറപ്പുവരുത്തുമെന്നാണ് സിപിഎം കരുതുന്നത്.

ഏതാനും സീറ്റുകള്‍ നേടുക എന്നതിനപ്പുറം ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കുക എന്നത് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ രഹസ്യമായ ചില കൂടിയാലോചനകള്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം നടത്തുന്നുണ്ടെന്നുമാണ് സി.പി.എം നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന വിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായ വെള്ളാപ്പള്ളി നടേശനാണ് ഇരു വിഭാഗത്തിനുമിടയില്‍ ചരട് വലിക്കുന്നതെന്നാണ് ആരോപണം.

ബി.ജെ.പി ക്കും വെള്ളാപ്പള്ളിക്കും മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും നിലനില്‍പ്പ് പോലും ഇടത്പക്ഷം അധികാരത്തില്‍ വന്നാല്‍ ഭീഷണിയാണ്.

കതിരൂര്‍ മനോജ് വധകേസില്‍ പി.ജയരാജനെ സി.ബി.ഐ കുരുക്കിയത് ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വിശ്വസിക്കുന്ന സി.പി.എം, സി.ബി.ഐ യെ മുന്‍നിര്‍ത്തി ബി.ജെ.പി കളിക്കുന്നത് സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കൂടി ആശീര്‍വാദത്തോടെയാണെന്നാണ് സംശയിക്കുന്നത്.

മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതും പിന്നീട് അന്വേഷണം സി.ബി.ഐ ക്ക് വിട്ടതും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുമെന്ന ഉള്‍ഭയമാണ് സംഘപരിവാര്‍ നേതൃത്വത്തെ ഇപ്പോള്‍ തന്ത്രപരമായ നീക്കത്തിന് പ്രേരിപ്പിച്ചതത്രെ.

മാത്രമല്ല ഇത്തവണ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അധികാരം ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി സംവിധാനം തന്നെ തകരുമെന്നും ബി.ജെ.പി യുടെ ബദലിന് പ്രസക്തി വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലും ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്.

വെള്ളാപ്പള്ളി നടേശനാവട്ടെ, സി.പി.എമ്മിനെ വെല്ലുവിളിച്ചും കമ്മ്യൂണിസ്റ്റ് വോട്ട് ബാങ്ക് പിളര്‍ത്താന്‍ ലക്ഷ്യമിട്ടും രൂപീകരിച്ച ബി.ഡി.ജെ. എസിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലായെങ്കില്‍ അകത്താവുമെന്ന പേടിയുമുണ്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. ഈ രണ്ട് കേസിലും അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ നിലപാടായിരിക്കും വെള്ളാപ്പള്ളിയുടെ ഭാവി നിര്‍ണ്ണയിക്കുക.

എസ്.എന്‍.ട്രസ്റ്റ് നിയമനങ്ങളില്‍ കോടികളുടെ കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിലും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അന്വേഷണമുണ്ടാകും.

വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമടക്കമുള്ള സി.പി.എം നേതൃത്വം ഒറ്റക്കെട്ടായി വെള്ളാപ്പള്ളിക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് യു.ഡി.എഫിന്റെ ഭരണ തുടര്‍ച്ചയാണ്. കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രഖ്യാപിച്ച് അദ്ദേഹം പരസ്യമായി രംഗത്തുവന്നത് തന്നെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാവട്ടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത വെല്ലുവിളിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. നേരത്തെ ഭരണമാറ്റമുണ്ടായപ്പോള്‍ പോലും നടത്താത്ത തരത്തിലുള്ള വേട്ടയാടലാണ് ഇത്തവണ യു.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ നടത്തിയതെന്നാണ് സി.പി.എം. നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഈ ആരോപണം. പാര്‍ട്ടി നേതാക്കളെ വേട്ടയാടാന്‍ സി.ബി.ഐക്ക് അവസരമൊരുക്കിക്കൊടുത്തതും സംസ്ഥാന പോലീസിനെ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തികളുമെല്ലാം ഇടത് നേതൃത്വത്തെ പ്രകോപിതരാക്കിയിട്ടുണ്ട്.

ബി.ജെ.പി- ബി.ജെ.ഡി.എസ് സഖ്യത്തിന് പിന്നില്‍പോലും ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിയാണെന്നാണ് സി.പി.എം വിശ്വസിക്കുന്നത്.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ബാര്‍കോഴ, പാറ്റൂര്‍ തുടങ്ങി സോളാര്‍ കേസില്‍ വരെ കടുത്ത തുടര്‍ നടപടികള്‍ ഉമ്മന്‍ചാണ്ടിക്ക് നേരിടേണ്ടി വരുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അപകടം മുന്നില്‍കണ്ട് ബി.ജെ.പി യും വെള്ളാപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

കാര്യങ്ങള്‍ എന്തായാലും ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനും അടിയൊഴുക്കുകള്‍ക്കുമാണ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് വേദിയാകാന്‍ പോകുന്നത്.

Top