പെരിയ ഇരട്ട കൊലപാതകം ഉയര്‍ത്തി സി.പി.എമ്മിനെതിരെ കലി തുള്ളിയ യൂത്ത് ലീഗ് നേതാവും ഒടുവില്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കൊന്ന കേസില്‍ പ്രതിയായിരിക്കുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളേക്കാള്‍ വീര്യത്തോടെ അതിനെതിരെ പ്രതികരിച്ചതും ഈ യൂത്ത് ലീഗ് നേതാവായിരുന്നു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെരിയ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ ഇത്തവണ വിജയിച്ചതും യു.ഡി.എഫ് തന്നെയാണ്. എന്നാല്‍ ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റ് അംഗമായ അബ്ദുള്‍ റഹ്മാന്‍ ഹൗഫിന്റെ കൊലപാതകത്തോടെ യു.ഡി.എഫ് ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ബുധനാഴ്ച രാത്രിയാണ് അബ്ദുള്‍ റഹ്മാന്‍ കുത്തേറ്റ് മരിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്നാണ് പൊലീസ് നിഗമനം. പ്രതികളെല്ലാം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധമാണ് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ജനവികാരം എതിരാണെന്ന് വ്യക്തമായതോടെ കൊലപാതകത്തെ തള്ളിപ്പറഞ്ഞ് ലീഗ് ജില്ലാ നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
കാസര്‍ഗോഡ് ജില്ലയില്‍ പോലും ഇനി പെരിയ ഉയരത്തി വോട്ട് തേടാന്‍ യു.ഡി.എഫിന് കഴിയുകയില്ല. അതേസമയം സി.പി.എം നേരിട്ട അക്രമങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ എതിരാളികളാല്‍ കൊല ചെയ്യപ്പെട്ട 600 ഓളം രക്തസാക്ഷിത്വമാണ് പ്രതിപക്ഷത്തെ സി.പി.എം ഓര്‍മ്മപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് നഷ്ടമായതും സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കുമാണ്.
അഴീക്കോടന്‍ മുതല്‍ പാര്‍ട്ടി അനുഭാവികള്‍ വരെയുള്ള നിരവധി പേരാണ് എതിരാളികളുടെ കൊലക്കത്തിയില്‍ പിടഞ്ഞുവീണ് മരിച്ചിരിക്കുന്നത്. ഈ പട്ടികയിലെ ഒടുവിലത്തെ ആളാണ് അബ്ദുള്‍ റഹ്മാന്‍. മറ്റൊരു പാര്‍ട്ടിക്കും ഇത്രയും വില നല്‍കേണ്ടി വന്നിട്ടില്ലെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.