പട്ടാമ്പി: തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍ക്കു പണം നല്‍കുന്നതെന്ന രീതിയില്‍ വിവാദ വീഡിയോ പുറത്ത്.
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പട്ടാമ്പി വിളയൂരിലെ ഒരു വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയാണ് സി പി മുഹമ്മദ് ഗൃഹനാഥയ്ക്കു കൈയില്‍ എന്തോ വച്ചു നല്‍കുന്നത്. വീട്ടില്‍ സുഖമില്ലാതെ കഴിയുന്നയാളുടെ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ശരിയാക്കാമെന്ന മറുപടി നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു നടപടിയെടുക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
പട്ടാമ്പിയില്‍ മൂന്നാമൂഴം തേടിയാണ് സി പി മുഹമ്മദ് ഇക്കുറി മത്സരരംഗത്തിറങ്ങിയത്. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ സി പി മുഹമ്മദാണ് പട്ടാമ്പിയില്‍ ജയിച്ചത്.
ഇക്കുറി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് മുഹമ്മദ് മുഹ്‌സിനാണ് പട്ടാമ്പിയിലെ എല്‍ഡിഎഫിലെ സ്ഥാനാര്‍ഥി. മുഹമ്മദ് മുഹ്‌സിന്റെ വിജയം പട്ടാമ്പിയില്‍ ഉറപ്പായ സാഹചര്യത്തിലാണ് വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമമെന്നാണു സൂചന.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന സ്ഥാനാര്‍ഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങള്‍ തടയാന്‍ തെരഞ്ഞെടുപ്പു കമീഷന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടി വേണം.
ഇത്തരം തെറ്റായ പ്രവണതകള്‍ ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍, താന്‍ പണംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സി പി മുഹമ്മദ് പ്രതികരിച്ചു.