ഗവർണ്ണറെ പൊന്നാനിയിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് ചെയർമാൻ, പരിപാടിയിൽ പങ്കെടുക്കാൻ ലീഗ് എം.പിയ്ക്കും ക്ഷണം, വെട്ടിലാകുന്നത് ലീഗ്

പൊന്നാനി മണ്ഡലത്തെ കുറിച്ച് പലവട്ടം നാം വിശകലനം ചെയ്തിട്ടുള്ളതാണ്. പൊന്നാനി ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത് അത് മുസ്ലിംലീഗിന്റെ കോട്ടയാണ് എന്നതു കൊണ്ടു മാത്രമല്ല, പൊന്നാനിയില്‍ ജനം മാറിചിന്തിച്ചാല്‍ അത് ലീഗ് രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. മുസ്ലീം സമുദായത്തിനിടയിലെ ലീഗിന്റെ സ്വാധീനവും അതോടെ ചോദ്യം ചെയ്യപ്പെടും. ഇക്കാരും വ്യക്തമായി മനസ്സിലാക്കിയതു കൊണ്ടാണ് ലീഗിപ്പോള്‍ പൊന്നാനിയില്‍ കേന്ദ്രീകരിക്കുന്നത്. മൂന്നാമതൊരു സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നതാകട്ടെ സീറ്റ് നിലയില്‍ ബാലന്‍സ് ചെയ്യാനുമാണ്.

നിലവില്‍ മലപ്പുറം, പൊന്നാനി ലോകസഭമണ്ഡലങ്ങളാണ് യു.ഡി.എഫ് നേതൃത്വം ലീഗിനായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് ഉണ്ടായെങ്കിലും മലപ്പുറത്തിന്റെ കാര്യത്തില്‍ ലീഗിന് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. എന്നാല്‍, പൊന്നാനിയുടെ കാര്യം അങ്ങനെയല്ല. ഈ മണ്ഡലത്തില്‍ വലിയ വെല്ലുവിളിയാണ് ലീഗ് നിലവില്‍ നേരിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം.

ഇടതുപക്ഷത്തിന് എളുപ്പം മറികടക്കാന്‍ കഴിയുന്ന ഭൂരിപക്ഷമാണിത്. അത് തിരിച്ചറിഞ്ഞ് പൊന്നാനിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചാണ് ലീഗും പോഷക സംഘടനകളും ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സിനും മോശമല്ലാത്ത ഒരു വോട്ട് വിഹിതം പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഉണ്ട്. ഇത് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനോടും അവരുടെ പോഷക സംഘടനകളോടും സജീവമാകാന്‍ ലീഗ് നേതൃത്വവും ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും ഡി.സി.സി പ്രസിഡന്റും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ലീഗ് തന്നെ ഇടപെട്ടതും കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഭിന്നിക്കുമെന്ന ഭയത്താലാണ്.

എന്നാല്‍, തിരഞ്ഞെടുപ്പ് അടുക്കും തോറും മുസ്ലീംലീഗ് കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പൊന്നാനിയില്‍ ദൃശ്യമാകുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഗവര്‍ണ്ണറെ കോണ്‍ഗ്രസ് അനുഭാവ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതാണ് ലീഗിനെയും കോണ്‍ഗ്രസ്സ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനത്തിനാണ് ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്. ജനുവരി 10നാണ് പരിപാടി.

കാലിക്കറ്റ് – കേരള സര്‍വ്വകലാശാലകളിലെ സെനറ്റിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്ത ഗവര്‍ണ്ണര്‍ക്കെതിരെ നിലവില്‍ എസ്.എഫ്.ഐ പ്രക്ഷോഭത്തിലാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണ്ണര്‍ എത്തിയപ്പോഴും ശക്തമായ പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയര്‍ത്തിയിരുന്നത്. ഗവര്‍ണ്ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം ഇപ്പോഴും തുടരുന്ന എസ്.എഫ്.ഐ ഗവര്‍ണ്ണര്‍ പൊന്നാനിയിലേക്ക് യാത്ര തിരിച്ചാലും അത് തുടരാനാണ് സാധ്യത. മാത്രമല്ല ഇടതുപക്ഷ നേതാക്കളും മന്ത്രിമാരും ശക്തമായ ഭാഷയിലാണ് ഗവര്‍ണറെ എതിര്‍ത്തു കൊണ്ടിരിക്കുന്നത്.

ആര്‍.എസ്.എസ് അജണ്ട ഗവര്‍ണ്ണര്‍ നടപ്പാക്കുന്നു എന്ന ഇടതുപക്ഷ ആരോപണം മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും വോട്ട് ബാങ്കിനെ പോലും ഉലച്ചിരിക്കെ കോണ്‍ഗ്രസ്സ് നേതാവിന്റെ അനുസ്മരണ പരിപാടിയില്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത് മുസ്ലിംലീഗിനെ സംബന്ധിച്ച് വലിയ പ്രഹരമായിട്ടുണ്ട്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്റെ മകന്റെ വിവാഹ ചടങ്ങിലേക്ക് ഗവര്‍ണ്ണറെ ക്ഷണിച്ചിരുന്നതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനോട് കടുപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണ് ലീഗിനുള്ളത്.

എന്നാല്‍, ഇടതുപക്ഷത്തിനാകട്ടെ ഇത് വീണുകിട്ടിയ വലിയ ആയുധമാണ്. പൊന്നാനി സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗവര്‍ണ്ണറുമൊത്ത് വേദി പങ്കിടുന്നതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് സി.പി.എം നീക്കം. ഗവര്‍ണ്ണറെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ രണ്ടഭിപ്രായമാണ് ഉള്ളത്.

‘ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കുവാനുള്ള തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ടിടത്ത് പ്രതിഷ്ഠിക്കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അറ്റന്‍ഷന്‍ സീക്കിംഗും സംഘ് പരിവാര്‍ അജണ്ടയും ഒന്നിച്ചു കൂട്ടി മുറുക്കുന്ന ഗവര്‍ണ്ണര്‍ കേരളീയ ജനാധിപത്യ പരിസരത്തില്‍ കാറിത്തുപ്പി മലീമസമാക്കുന്ന കാഴ്ചകള്‍ ദിനേന നാം കണ്ടു കൊണ്ടിരിക്കുകയാണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് തുറന്നടിച്ചിട്ടുണ്ട്.

കുറുവടിയേന്തി ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ, കോണ്‍ഗ്രസിന്റെ മതേതര ആശയ പ്രചാരണത്തിന് വേദിയക്കേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹാരിസ് മുതൂര്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എസ്.എഫ്.ഐയും സി.പി.എമ്മും ഗവര്‍ണ്ണര്‍ക്കെതിരെ നിരന്തരം ഉയര്‍ത്തുന്ന വാക്കുകളാണ് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റും ഇപ്പോള്‍ ഏറ്റെടുത്ത് പ്രയോഗിച്ചിരിക്കുന്നത്. പക്ഷെ, അദ്ദേഹത്തിന്റെ ഈ നിലപാടല്ല ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഉള്ളതെന്നതാണ് വിരോധാഭാസം.

എസ്.എഫ്.ഐ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധിച്ച എല്ലാ ഘട്ടത്തിലും ഗവര്‍ണ്ണറെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്നിരുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്. മലപ്പുറത്തെ അനുസ്മരണ ചടങ്ങിലേക്ക് ഗവര്‍ണ്ണറെ ക്ഷണിച്ചതിനെ എതിര്‍ക്കേണ്ടതില്ലന്ന നിലപാടാണ് സുധാകരന് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ലീഗ് എം.പി പങ്കെടുക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

കോണ്‍ഗ്രസ്സിന്റെ മുന്‍ എം.എല്‍.എ ആയിരുന്ന പ്രധാന നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ സ്ഥലം എം.പി പങ്കെടുത്തില്ലങ്കില്‍ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ലീഗിന് എതിരാകും. പങ്കെടുത്താല്‍ മുസ്ലീം വോട്ടുകളും വലിയ രൂപത്തില്‍ കൈവിടും. അത് പൊന്നാനിയില്‍ മാത്രമല്ല മലപ്പുറം മണ്ഡലത്തിലേക്കും ശക്തമായ രീതിയില്‍ തന്നെ പ്രതിഫലിക്കും. ചുരുക്കി പറഞ്ഞാല്‍, ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ മുസ്ലീംലീഗ് നേതൃത്വമുള്ളത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്. . . .

EXPRESS KERALA VIEW

Top