സി.പി.എം ‘പച്ചക്കൊടി’ കാണിച്ചാൽ ‘കൂട്’ മാറാൻ ലീഗിലെ പ്രബല വിഭാഗം രംഗത്ത്

സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും.

ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് ഇപ്പോള്‍ ഏക തടസ്സം പ്രത്യേയ ശാസ്ത്രപരമായ സി.പി.എം നിലപാടാണ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും അടുപ്പിക്കില്ലന്നതാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നയം.

എന്നാല്‍ ഈ നിലപാട് സി.പി.എം മാറ്റണമെന്ന ആഗ്രഹമാണ് മുസ്ലീം ലീഗിലെ പ്രബല വിഭാഗത്തിനുള്ളത്.ലീഗിന്റെ നിലനില്‍പ്പിനും ഇത്തരമൊരു നിലപാട് അനിവാര്യമാണെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ സി.പി.എമ്മിന്റെ ശക്തമായ ചെറുത്ത് നില്‍പ്പാണ് മുന്നണി മാറ്റത്തിന് ലീഗിനെ പ്രേരിപ്പിക്കുന്നത്. മുസ്ലീം ജനവിഭാഗങ്ങളില്‍ വലിയ വിഭാഗം ഇപ്പോള്‍ തന്നെ ഇടതുപക്ഷ അനുഭാവം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലും കാമ്പസുകളിലും മാത്രമല്ല നിയമസഭയില്‍ പോലും ‘തീ’പന്തമായത് സി.പി.എമ്മാണ്.

എസ്.എഫ്.ഐ മുതല്‍ എം.സ്വരാജ് വരെ തീര്‍ത്ത ആ പ്രത്യാക്രമണം കണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോള്‍ ലീഗ് നേതൃത്വം.

ഈ സാഹചര്യത്തില്‍ 26 ന് ഇടതുപക്ഷം നടത്തുന്ന മനുഷ്യചങ്ങലയിലും വലിയ വിഭാഗം സമുദായംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

കേരളത്തെ നെഞ്ചോട് ചേര്‍ത്ത് അളന്ന് ഉയര്‍ത്തുന്ന ഈ പ്രതിഷേധം ചരിത്രമുന്നേറ്റമാക്കി മാറ്റാനാണ് സി.പി.എമ്മും ശ്രമിക്കുന്നത്. ചങ്ങലയില്‍ കണ്ണികളാകുമെന്ന് ലീഗ് അനുഭാവികള്‍ തന്നെ പലയിടത്തും നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ രാഷ്ട്രിയ താല്‍പ്പര്യം മാറ്റിവയ്ക്കുമെന്ന് തന്നെയാണ് അവരുടെ നിലപാട്.

ഇതോടെ സ്വന്തം കാലിനടിയിലെ മണ്ണാണ് ഒലിച്ച് പോകുന്നതെന്ന ഭയമാണ് ലീഗ് നേതൃത്വത്തെ ഇപ്പോള്‍ അലട്ടുന്നത്.

യു.ഡി.എഫില്‍ തുടരണമെന്ന താല്‍പ്പര്യമുള്ള വിഭാഗവും മുന്നണി വിടണമെന്ന ആഗ്രഹമുള്ളവരും തമ്മില്‍ ശക്തമായ വടംവലിയാണിപ്പോള്‍ ലീഗില്‍ നടക്കുന്നത്.

ഈ സാഹചര്യത്തില്‍ ലീഗിലെ ഒരു വിഭാഗം പിളര്‍ന്നായാലും ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ഈ അവസ്ഥയില്‍ ലീഗിനെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വമാണ്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ്സ് എടുക്കുന്ന പല തീരുമാനങ്ങളും മണ്ടന്‍ തീരുമാനമാണെന്ന നിലപാടാണ് ലീഗിനുള്ളത്.

ലോക കേരള സഭ ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് നീക്കത്തിലും ലീഗില്‍ ശക്തമായ ഭിന്നതയാണുള്ളത്. കോണ്‍ഗ്രസ്സിന്റെ ഇത്തരം രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയില്ലന്ന നിലപാടാണ് ലീഗിനുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഇടതു സര്‍ക്കാര്‍ നിലപാടുകളെ യു.ഡി.എഫിന് പിന്തുണയിക്കേണ്ടി വന്നതും ലീഗ് സമര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോജിച്ച സമരമാകാമെന്ന നിര്‍ദ്ദേശം മുസ്ലിം ലീഗിന്റേതായിരുന്നു. ഈ നിര്‍ദ്ദേശം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് ചെന്നിത്തല മുഖ്യമന്ത്രിയോടൊപ്പം ഒരുമിച്ച് സമരം നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ തൊട്ട് പിന്നാലെ തന്നെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തുകയാണുണ്ടായത്.

ആര്‍.എസ്.പിയും മറ്റു ഘടകകക്ഷികളും യോജിച്ച സമരം വേണ്ടെന്ന കടുത്ത നിലപാടിലായിരുന്നു. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായിരുന്ന വി.എം സുധീരനും കെ.മുരളീധരനും പരസ്യമായി തന്നെ പ്രതികരിക്കുന്ന സാഹചര്യവുമുണ്ടായി.

കോണ്‍ഗ്രസില്‍ ഇങ്ങനെ വ്യാപക എതിര്‍പ്പുയര്‍ന്നിട്ടും യോജിച്ച സമര കാര്യത്തില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കുകയാണുണ്ടായത്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല പരാജയമെന്ന് പറഞ്ഞ ലീഗ് തന്നെയാണ് യോജിച്ച സമരത്തില്‍ ചെന്നിത്തലക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.

മുസ്ലിം മത സംഘടനകള്‍ ഒന്നിച്ച് കൊച്ചിയില്‍ നടത്തിയ റാലിക്ക് പിന്നാലെ തുടര്‍ സമരങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മതിയെന്ന നിലപാടിലാണിപ്പോള്‍ ലീഗ് നേതൃത്വം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് മുസ്ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന ജനറല്‍ കണ്‍വീനര്‍. സമരത്തില്‍ പിണറായിക്കൊപ്പം യോജിച്ച് പോകാനുള്ള ലീഗ് നീക്കത്തെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കി കാണുന്നത്.

ലോകകേരള സഭ ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് തീരുമാനത്തിലും ലീഗ് നേതൃത്വം ശക്തമായ അതൃപ്തിയറിയിച്ചിട്ടുണ്ട്. ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സിയാണ് ഈ തീരുമാനത്തിനെതിരെ ലീഗില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഗള്‍ഫ് നാടുകളില്‍ വളരെ ശക്തമായ സംഘടനയാണ് കെ.എം.സി.സി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകൂടിയാണ് ഈ സംഘടന.

ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിന്റെ തിളക്കമാര്‍ന്ന വിജയമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. മലബാറില്‍ മുസ്ലിം ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിനായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും അട്ടിമറി വിജയം നേടിയാണ് സി.പി.എം ഇതിന് മറുപടി നല്‍കിയിരുന്നത്. ഭരണത്തുടര്‍ച്ച എന്ന സന്ദേശം പൊതു സമൂഹത്തിന് നല്‍കാനും ഇതോടെ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തില്‍ നേതൃത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷകന്റെ റോളിലാണിപ്പോള്‍ നീങ്ങുന്നത്. രാജ്യത്താദ്യമായി പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ഞെട്ടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

ഈ ആവേശമാണ് മുസ്ലിം ലീഗിനെയടക്കം പിണറായി അനുകൂല നിലപാടിലേക്കു മാറ്റിയിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിലാവട്ടെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍, അഭിപ്രായ ഏകീകരണം പോലുമുണ്ടായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടു തട്ടിലാണിപ്പോഴുമുള്ളത്. യോജിച്ച സമരത്തിനെതിരെ നിലപാടെടുത്ത മുല്ലപ്പള്ളിയെ കടുത്ത ഭാഷയിലാണ് ലീഗിനെ പിന്തുണക്കുന്ന സമസ്ത സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചിരുന്നത്. ലീഗിന്റെ പിണറായി അനുകൂല നിലപാടില്‍ സമസ്തയുടെ ഇടപെടലും നിര്‍ണായകമായിരുന്നു.

1967ല്‍ സി.പി.എമ്മിനും സി.പി.ഐക്കുമൊപ്പം സപ്തകക്ഷി മുന്നണിയായി മത്സരിച്ച് മന്ത്രിസഭയില്‍ ചേര്‍ന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ രൂപീകരണവും കാലിക്കറ്റ് സര്‍വകലാശാലയുമെല്ലാം ഉണ്ടായത് ഈ മുന്നണി ഭരിക്കുമ്പോഴാണ്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായ നിലപാടാണ് അന്ന് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. മലപ്പുറം ജില്ലയുണ്ടായാല്‍ അത് ‘കുട്ടിപാക്കിസ്ഥാനാകുമെന്ന’ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എല്ലാഎതിര്‍പ്പുകളും അവഗണിച്ചാണ് ഇ.എം.എസ് മലപ്പുറം ജില്ലാ രൂപീകരണത്തിന് പച്ചക്കൊടി കാട്ടിയിരുന്നത്. മുസ്ലിം ലീഗ് ഇടതുപാളയ ത്തിലെത്തിയ സപ്തകക്ഷി മുന്നണി 133സീറ്റുകളില്‍ 117 സീറ്റുകളും നേടിയാണ് ചരിത്രവിജയം നേടിയിരുന്നത്.

കോണ്‍ഗ്രസാവട്ടെ കേവലം ഒമ്പത് സീറ്റിന്റെ നാണംകെട്ട പരാജയവും അക്കാലത്ത് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. മത്സരിച്ച 15 സീറ്റുകളില്‍ 14 സീറ്റിലും വിജയിക്കാനായെന്ന ചരിത്രനേട്ടവും അന്ന് ലീഗിനുണ്ടായി.സപ്തമുന്നണി തകര്‍ന്നതോടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ ലീഗ് അവിടെ രണ്ടാംകക്ഷിയായി നിലയുറപ്പിക്കുകയാണുണ്ടായത്. ഇടതുമുന്നണിയില്‍, സി.പി.എമ്മിന്റെ സംഘടനാശക്തികൊണ്ടു മാത്രമാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ നിലവില്‍ വിജയിച്ച് വരുന്നത്.

അതേസമയം ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭരണംപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.കേരള കോണ്‍ഗ്രസിനും ശക്തമായ അടിത്തറയും വോട്ടുബാങ്കും മധ്യകേരളത്തിലുണ്ട്.

കേവലം 47 എം.എല്‍മാരുള്ള യു.ഡി.എഫില്‍ 18 സീറ്റും മുസ്ലിം ലീഗിന്റേതാണ്. ലീഗിനേക്കാള്‍ കേവലം മൂന്ന് സീറ്റു കൂടുതലായി 21സീറ്റെന്ന പരിതാപകരമായ നിലയിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ്.കേരള കോണ്‍ഗ്രസിന് അഞ്ച് സീറ്റും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് ഒരു സീറ്റുമാണുള്ളത്.ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.എം.പി എന്നിവക്ക് ഒറ്റ സീറ്റുപോലും ലഭിച്ചിട്ടില്ല. പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം തികയ്ക്കാന്‍ മുസ്ലിം ലീഗിനെ ആവശ്യമില്ലെങ്കിലും ലീഗിലെ ഒരു വിഭാഗത്തിന് ഇടത് പക്ഷം ഇപ്പോള്‍ അനിവാര്യമാണ്. ഇതിന് വേണ്ടിയുള്ള സമ്മര്‍ദ്ദമാണ് ഈ വിഭാഗം ലീഗ് നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയടക്കമുള്ള പ്രക്ഷോഭങ്ങളില്‍ ഒന്നിക്കുന്ന ലീഗിന് നിലവില്‍ സി.പി.എമ്മുമായി സഹകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യവും ഒത്തുവരുന്നുണ്ട്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ലീഗ് അടവുനയമുണ്ടാക്കിയിരുന്നെങ്കിലും അത് രാഷ്ട്രീയ മുന്നണി ബന്ധമായി വളര്‍ന്നിരുന്നില്ല.

മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന സി.പി.എം നിലപാടാണ് സഖ്യകക്ഷിയായി ഒപ്പം കൂട്ടുന്നതിന് വിലങ്ങുതടിയാകുന്നത്. ഐ.എന്‍.എല്ലിനെ ഘടകക്ഷിയാക്കിയ സി.പി.എമ്മിന് വേണമെങ്കില്‍ ലീഗിനെയും ഒപ്പം കൂട്ടാവുന്നതാണെന്നാണ് ലീഗിലെ പ്രബല വിഭാഗം അഭിപ്രായപ്പെടുന്നത്.

ഇക്കാര്യത്തില്‍ ലീഗിനെതിരെ ശക്തമായ നിലപാടുള്ള വി.എസിനെ പോലെയുള്ള നേതാക്കളുടെ നിലപാടുകളും ഇനി നിര്‍ണായകമാകും. ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും ലീഗ് സഹകരണത്തിനായുള്ള നീക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. ലീഗിന്റെ ശക്തിസ്രോതസായ സമസ്ത ഇ.കെ സുന്നി വിഭാഗത്തിനും ഇപ്പോള്‍ സി.പി.എമ്മിനോട് എതിര്‍പ്പില്ല. ലീഗ് കൈവിട്ടുപോയാല്‍ കേരള ഭരണം സ്വപ്നമാകുമെന്ന് തിരിച്ചറിവുള്ള കോണ്‍ഗ്രസ് നേതൃത്വം ലീഗ് ബന്ധം കോട്ടംതട്ടാതെ കാക്കാനുള്ള തന്ത്രപ്പാടിലാണിപ്പോള്‍ നീങ്ങുന്നത്. ലീഗിലെ ഇടത് ചേരിയെ മെരുക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് പൂര്‍ണമായിട്ടല്ലെങ്കിലും ഒരു വിഭാഗം കൂറുമാറാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നുണ്ട്.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥിതിയും പരിതാപകരമാണ്. ജോസ് കെ. മാണിയും പി.ജെ ജോസഫും നിലവില്‍ രണ്ട് പാര്‍ട്ടികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഒരു പക്ഷം ഇടതുമുന്നണിക്കൊപ്പം ചേരുമെന്ന ആശങ്കയും കോണ്‍ഗ്രസിനെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.

യു.ഡി.എഫിലെ പ്രബലമായ ഈ രണ്ട് ഘടകകക്ഷികളിലെ ഒരു വിഭാഗം പോലും അടര്‍ന്ന് ഇടതുപക്ഷത്തെത്തിയാല്‍ അത് പ്രതിപക്ഷത്തിന്റെ മരണമണിയായാണ് മാറുക.

Political Reporter

Top