യു.ഡി.എഫില്‍ തുടരണമോ എന്ന ചിന്ത ആ മുന്നണിയിലെ ഘടകകക്ഷികളിലും ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. യു.ഡി.എഫ് വിട്ടാല്‍ എങ്ങോട്ട് എന്ന ചോദ്യമാണ് തല്‍ക്കാലം ഈ വിഭാഗത്തെ നിശബ്ദരാക്കിയിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷം അനുകൂലമായി പ്രതികരിച്ചാല്‍ പുറത്തു ചാടാന്‍ തന്നെയാണ് ഭൂരിപക്ഷ ഘടക കക്ഷികളുടെയും തീരുമാനം. ആര്‍.എസ്.പി ഇപ്പോഴും യു.ഡി.എഫില്‍ തുടരുന്നത് സി.പി.എം അനുകൂലമായി പ്രതികരിക്കാത്തതു കൊണ്ടു മാത്രമാണ്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ചാല്‍ കൈവശമുള്ള കൊല്ലം സീറ്റു കൂടി നഷ്ടപ്പെടുമെന്ന ഭീതിയും ആര്‍.എസ്.പി നേതൃത്വത്തിനുണ്ട്.
കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ അവസ്ഥയും ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് മത്സരിക്കാന്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒട്ടും തന്നെ വിജയപ്രതീക്ഷയില്ല. ഇടതുപക്ഷ പിന്തുണയോടെ ജോസ് കെ മാണി വിഭാഗം മത്സരിച്ചാല്‍ അവര്‍ക്കു തന്നെയാണ് വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇത്തവണ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മൂവാറ്റുപുഴ ലോകസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സി.പി.എം കണക്കു കൂട്ടുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി കോണ്‍ഗ്രസ്സ് വിലയിരുത്തുന്ന എറണാകുളത്തു പോലും ശക്തമായ മത്സരത്തിനാണ് നിലവില്‍ കളമൊരുങ്ങിയിരിക്കുന്നത്.
യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീംലീഗിനും ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയാല്‍ അവരുടെ പൊന്നാപുരം കോട്ടയായ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ പോലും ഇടതുപക്ഷം ഒപ്പത്തിനൊപ്പം എന്ന സ്ഥിതിയാണുള്ളത്. ഒന്നു ആഞ്ഞ് പിടിച്ചാല്‍ പൊന്നാനിയും ഇടത്തോട് ചായാനാണ് സാധ്യത. ഈ അപകടം മുസ്ലീം ലീഗും നിലവില്‍ മുന്നില്‍ കാണുന്നുണ്ട്. ലീഗ് വോട്ട് ബാങ്കായ സമസ്ത നേതൃത്വത്തിന്റെ പുതിയ നിലപാടുകളും ലീഗിനെ ആശങ്കയില്‍ ആഴ്ത്തുന്നതാണ്. ആകെയുള്ള രണ്ട് ലോക്‌സഭ സീറ്റുകളില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ അത് മുസ്ലീം ലീഗില്‍ ഉണ്ടാക്കാന്‍ പോകുന്നത് വലിയ പൊട്ടിത്തെറിയായിരിക്കും.
പൊന്നാനി ലോകസഭ മണ്ഡലം പിടിച്ചെടുക്കാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെയായിരിക്കും ഇടതുപക്ഷവും ഇത്തവണ രംഗത്തിറക്കുക. ഇത്തരമൊരു സൂചന തന്നെയാണ് സി.പി.എം നേതൃത്വവും നല്‍കുന്നത്. മുന്‍പ് ടി.കെ ഹംസയിലൂടെ നടത്തിയ അട്ടിമറിക്ക് സമാനമായ ഒരു അട്ടിമറി തന്നെയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അതിനു അവര്‍ക്ക് സാധ്യമായാല്‍ മലബാര്‍ രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതമാണുണ്ടാക്കുക. അത്തരമൊരു സാഹചര്യത്തില്‍ ലീഗില്‍ പിളര്‍പ്പിനും സാധ്യത വളരെ കൂടുതലാണ്. ഇപ്പോള്‍ തന്നെ അസംതൃപ്തരുടെ എണ്ണം ലീഗില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സമസ്തയുമായി പിണറായി സര്‍ക്കാറിനുള്ള ‘ഹോട്ട് ലൈനാണ് ‘ ലീഗ് നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രതിഷേധം ഉയര്‍ത്താനുള്ള ലീഗ് ആഹ്വാനം പൊളിച്ചതും സമസ്ത നേതൃത്വമാണ്. മത നേതാക്കളെ മാത്രമല്ല രാഷ്ട്രീയ കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയ നീക്കമായിരുന്നു അത്.
പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം യു.ഡി.എഫ് വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രത്യേകിച്ച്, മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് സി.പി.എം നേടിയിരിക്കുന്നത്. യു.ഡി.എഫിലെ ഈ വോട്ട് ചോര്‍ച്ച തന്നെയാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഊഴവും സാധ്യമാക്കിയിരിക്കുന്നത്. ഒരേസമയം ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പിണറായി ”മാജിക്ക് ” തുടര്‍ന്നാല്‍ മൂന്നാം ഊഴത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതു തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തെയും വല്ലാതെ ഭയപ്പെടുത്തുന്നത്.
അതേസമയം, കോണ്‍ഗ്രസ്സിലെ നേതൃമാറ്റം ഗുണത്തേക്കാളേറെ നഷ്ടമുണ്ടാകുമോ എന്ന ഭയവും യു.ഡി.എഫ് ഘടക കക്ഷികള്‍ക്കുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നതിനെ അതീവ ഗൗരവത്തോടെയാണ് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നോക്കി കാണുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ എ ഐ ഗ്രൂപ്പുകള്‍ ‘പാലം’ വലിക്കാനുള്ള സാധ്യതയും അവര്‍ മുന്നില്‍ കാണുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കെ.സുധാകരന്റെയും വി.ഡി സതീശന്റെയും കസേരകള്‍ കൂടിയാണ് അതോടെ ഇളകുക.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉടക്കി നിന്നാല്‍ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലന്ന മുന്നറിയിപ്പ് മുസ്ലീംലീഗ് നേതൃത്വം ഇതിനകം തന്നെ ഹൈക്കമാന്റിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ചേരിപ്പോരില്‍ ആകെ പെട്ട അവസ്ഥയിലാണിപ്പോള്‍ ഘടകകക്ഷികള്‍ ഉള്ളത്. ഇടതുപക്ഷം വാതില്‍ തുറക്കാത്തതിനാല്‍ മാത്രമാണ് അവര്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമായി തുടരുന്നത്. അത് ഇനി എത്ര നാള്‍ എന്നതു മാത്രമാണ് കണ്ടറിയാനുമുള്ളത്.
ലോകസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ്സില്‍ മാത്രമല്ല മുസ്ലീംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം എന്നീ പാര്‍ട്ടികളിലും വലിയ പിളര്‍പ്പിനാണ് രാഷ്ട്രീയ നിരീക്ഷകരും സാധ്യത കാണുന്നത്. പിളര്‍ന്നു വരുന്ന വിഭാഗത്തിനു വേണ്ടി ഇടതുപക്ഷം വാതില്‍ തുറക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. മുന്‍പ് ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയെയാണ് യു.ഡി.എഫ് നിലവില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു തോല്‍വി കൂടി ഏറ്റുവാങ്ങാനുള്ള ശേഷി തീര്‍ച്ചയായും ആ മുന്നണിക്ക് ഇപ്പോഴില്ല. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ് …..
EXPRESS KERALA VIEW