UDF earning strength to fight against LDF government by winning malapuram

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരിനെതിരെ പോരാടാന്‍ മലപ്പുറത്തെ തകര്‍പ്പന്‍ വിജയം യുഡിഎഫിന് കരുത്താകും.

കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിയുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ആവേശത്തോടെ അഭിമുഖീകരിക്കാനും മലപ്പുറത്തെ ഈ മുന്നേറ്റം കരുത്താകും.

കഴിഞ്ഞ തവണ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതികൂല സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 77602 വോട്ട് കൂടുതലായി നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ലീഗ് നേതൃത്വവും കാണുന്നത്. കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നില്ല എന്ന സൂചന കൂടി ഈ വിജയം നല്‍കുന്നുണ്ട്.

ഇടതു സര്‍ക്കാറിനെതിരായ വിധിയെഴുത്തായാണ് യുഡിഎഫ് നേതൃത്വം മലപ്പുറം വിധിയെഴുത്തിനെ വിലയിരുത്തുന്നത്.

പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി വോട്ട് തേടിയാണ് യുഡിഎഫ് മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നത്.

പ്രധാനമായും ജിഷ്ണു പ്രണോയ് മരണത്തില്‍ നടപടി ആവശ്യപ്പെട്ട അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയും അവരുടെ നിരാഹാര സമരവുമാണ് ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവാണ് മറ്റൊരു ഘടകം.

എന്നാല്‍ ഈ വെല്ലുവിളികള്‍ക്കിടയിലും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സി.പി.എമ്മിനും സര്‍ക്കാരിനും ആശ്വാസകരമാണ്.

മുസ്ലീം ലീഗിന്റെ പരമ്പരാഗതമായ ശക്തി ആവര്‍ത്തിക്കുന്നതോടൊപ്പം യുഡിഎഫിന്റെ കെട്ടുറപ്പും പ്രകടിപ്പിക്കുന്നതായി കുഞ്ഞാലികുട്ടിയുടെ തകര്‍പ്പന്‍ മുന്നേറ്റം.

ഇത്രമാത്രം സജീവമായി കോണ്‍ഗ്രസ്സ് മലപ്പുറത്ത് പ്രചരണത്തിനിറങ്ങിയ ഒരു തിരഞ്ഞെടുപ്പ് മുന്‍പ് ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മലപ്പുറത്ത് ക്യാംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. എ കെ ആന്റണിയും പ്രചരണത്തിനെത്തിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നന്നണി ലീഡ് നേടിയിരുന്ന സ്ഥലങ്ങളില്‍ പോലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

Top