കാസര്‍ഗോട്ടും ഇനി കളി മാറും. ജില്ലയില്‍ ലോകസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് മുന്‍പ് അവകാശപ്പെട്ടിരുന്നത്. പെരിയ ഇരട്ട കൊലക്കേസും യു.ഡി.എഫിനെ സംബന്ധിച്ച് വലിയ ആയുധം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറഞ്ഞിരിക്കുകയാണ്. വെഞ്ഞാറമൂടിലെ ഇരട്ട കൊലക്കേസില്‍ കോണ്‍ഗ്രസ്സ് പ്രതിക്കൂട്ടില്‍ ആയതോടെ പെരിയ ഉന്നയിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ്. മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ തട്ടിപ്പ് കേസില്‍ പ്രതിയായതോടെ ജില്ലയില്‍ ശരിക്കും യു.ഡി.എഫ് വെട്ടിലായിരിക്കുകയാണ്.
ഖമറുദ്ദീനെ രാജി വെയ്പ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സ് ഉയര്‍ത്തിയെങ്കിലും ലീഗ് ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്തായാല്‍ പാര്‍ട്ടിയെ തന്നെ പിളര്‍ത്തുമെന്നാണ് ഖമറുദ്ദീന്‍ വിഭാഗം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ലീഗ് നേതൃത്വം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോ എന്ന ആശങ്കയും ലീഗിനുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വാശിയേറിയ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ കാസര്‍കോടിന്റെ ചിത്രം 2011 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു. 2 സീറ്റില്‍ യു.ഡി.എഫും 3 സീറ്റില്‍ ഇടതുപക്ഷവുമാണ് ജില്ലയില്‍ വിജയിച്ചിരുന്നത്. വികസനത്തിലും രാഷ്ട്രീയ സ്വാധീനത്തിലും സംസ്ഥാന ശരാശരിയെക്കാള്‍ പിറകിലുള്ള ജില്ലയില്‍ ഭാഷാ സമുദായ ന്യൂനപക്ഷങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമായിരുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 2.15 % പോളിംഗ് 2016-ല്‍ ജില്ലയില്‍ ഉയര്‍ന്നിരുന്നു. ഇത് 2021 ആകുമ്പോള്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കിയ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്തും കാസര്‍കോട്ടും അതിശക്തമായ പോരാട്ടമാണ് 2016-ല്‍ നടന്നിരുന്നത്. ബിജെ.പിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ പോരാടിയ ഇരുമണ്ഡലങ്ങളിലും അവസാനലാപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലവും കാസര്‍കോടും മഞ്ചേശ്വരവും യു.ഡി.എഫിന് അനുകൂലമായിരുന്നു. 2006ലാണ് ഇതില്‍ ഒരു മാറ്റം വന്നിരുന്നത്. ഇത്തവണ ഇതില്‍ പ്രകടമായ മാറ്റം വരുമെന്നാണ് സി.പി.എമ്മും ബി.ജെ.പിയും അവകാശപ്പെടുന്നത്.
തെക്കോട്ട് കടന്നാല്‍ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇപ്പോഴും ഇടതുപക്ഷത്തിന്റെ കോട്ടയായി തന്നെയാണ് നിലനില്‍ക്കുന്നത്. ഉദുമ തിരിച്ചുപിടിക്കാന്‍ 2016ല്‍ ജില്ലയിലെത്തിയ കെ.സുധാകരന്‍ സിറ്റിംഗ് എം.എല്‍.എ കെ. കുഞ്ഞിരാമനോട് പരാജയപ്പെടുകയാണുണ്ടായത്. കെ.കുഞ്ഞിരാമന്‍ 66,847 വോട്ട് പിടിച്ചാണ് മണ്ഡലം നിലനിര്‍ത്തിയത്. ഇവിടെ ബി.ജെ.പിക്ക് നാലായിരത്തോളം വോട്ടിന്റെ ചോര്‍ച്ചയാണുണ്ടായിരുന്നത്. കാസര്‍കോട്ട് 2011 ല്‍ നേടിയതിനെക്കാള്‍ 14,884 വോട്ട് ബി.ജെ.പിക്ക് കൂടുതലായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നാലായിരത്തിലേറെ വോട്ടിന്റെ കുറവ് ഈ മണ്ഡലത്തില്‍ ലീഗിനു മാത്രമുണ്ടായിട്ടുണ്ട്. 2011- ല്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് പോക്കറ്റിലാക്കിയാണ് കാഞ്ഞങ്ങാട് മണ്ഡലം ഇടതുപക്ഷം നിലനിര്‍ത്തിയിരുന്നത്. 80,558 വോട്ടിലൂടെ ഇടതു കോട്ടയെന്ന പാരമ്പര്യമാണ് കാഞ്ഞങ്ങാട് നിലനിര്‍ത്തിയത്.
2011 -ല്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇ.ചന്ദ്രശേഖരന്‍ 2016-ല്‍ 26,011 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാഞ്ഞങ്ങാട്ട് വിജയിച്ചിരിക്കുന്നത്. എന്‍.ഡി.എ മുന്നണി ബി.ഡി.ജെ.എസിനു നല്‍കിയ ഏക സീറ്റും കാഞ്ഞങ്ങാട് തന്നെയായിരുന്നു. എന്നാല്‍ ബിജെപി നേടിക്കൊണ്ടിരുന്ന പരമ്പരാഗത വോട്ട് ഷെയര്‍ പോലും ബാലറ്റിലാക്കാന്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്ക് കാഞ്ഞങ്ങാട് കഴിഞ്ഞിട്ടില്ല. ഇത്തവണ ബി.ജെ.പി തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്നത്. മറ്റൊരു ഇടതു കോട്ടയായ തൃക്കരിപ്പൂരും 2016ലെ ചരിത്രം ആവര്‍ത്തിക്കുകയാണുണ്ടായത്. കഴിഞ്ഞ തവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മണ്ഡലം കൂടിയാണ് തൃക്കരിപ്പൂര്‍. 81.48 ശതമാനമായിരുന്നു അന്നത്തെ പോളിങ്ങ്.
ഇടതു കേന്ദ്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തി 16,348 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം. രാജഗോപാല്‍ കോണ്‍ഗ്രസ്സ് നേതാവ് കെ.പി. കുഞ്ഞിക്കണ്ണനെ തോല്‍പ്പിച്ചിരുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ഭാസ്‌ക്കരന് അയ്യായിരത്തില്‍ നിന്ന് പതിനായിരമായി വോട്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതു മാത്രമാണ് ബി.ജെ.പിക്ക് ഈ മണ്ഡലത്തിലുണ്ടായിട്ടുള്ള ഏക നേട്ടം. മഞ്ചേശ്വരത്ത് 2016-ല്‍ 89 വോട്ടിനാണ് ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ചിരുന്നത്. ബി.ജെ.പിയിലെ കെ സുരേന്ദ്രനായിരുന്നു പ്രധാന എതിരാളി. അബ്ദുള്‍ റസാഖ് അന്തരിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7,923 വോട്ടായി ഭൂരിപക്ഷം ഉയര്‍ത്താന്‍ ലീഗിലെ എം.സി കമറുദ്ദീന് കഴിഞ്ഞിട്ടുണ്ട്.
2021ലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കവെയാണ് ഇപ്പോള്‍ തട്ടിപ്പ് കേസില്‍പ്പെട്ടിരിക്കുന്നത്. കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ ആകെ ആശങ്കയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. കൈവശമുള്ള രണ്ട് മണ്ഡലങ്ങളും പോകുമോയെന്ന ഭയം ലീഗ് നേതൃത്വത്തിലും ശക്തമാണ്.