UDF Foundation wrecked by scam,jisha case and vellappally

തിരുവനന്തപുരം :ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ ഉലഞ്ഞ് യു.ഡി.എഫ് രാഷ്ട്രീയം. വോട്ടെണ്ണലിന്റെ മിനുട്ടുകള്‍ക്ക് മുന്‍പും വോട്ടെണ്ണി തുടങ്ങിയതിന്റെ തുടക്കത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന യു.ഡി.എഫ് നേതാക്കള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണിപ്പോള്‍.

ഇത്തരത്തില്‍ ഒരു ‘ഭീകര വിജയം’ സ്വപ്നത്തില്‍ പോലും ഒരു യു.ഡി.എഫ് നേതാവും പ്രതീക്ഷിച്ചിരുന്നില്ല.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി ഇനി പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

പത്ത് ജില്ലകളില്‍ വന്‍ ആധിപത്യമുയര്‍ത്തിയാണ് തകര്‍പ്പന്‍ വിജയം ഇടതുപക്ഷം നേടിയിരിക്കുന്നത്. 92 സീറ്റ് ഇടതുമുന്നണി നേടിയപ്പോള്‍ 46 സീറ്റില്‍ യു.ഡി.എഫിന്റെ വിജയമൊതുങ്ങി. പി.സി.ജോര്‍ജ്ജ് ഒറ്റയാനായി പൂഞ്ഞാറില്‍ നേടിയ വിജയവും നേമത്ത് രാജഗോപാലിലൂടെ ബി.ജെ.പി താമര വിരിയിച്ചതും ഈ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന കാഴ്ചകളാണ്.

മുഖ്യമന്ത്രി മുന്‍കൈ എടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയ കെ.ബാബു അടക്കമുള്ളവര്‍ പരാജയപ്പെട്ടതിനാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.

ലീഗ് ശക്തി കേന്ദ്രമായ മലപ്പുറത്തേയും കേരള കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രമായ മധ്യ കേരളത്തെയും ഇടതുപക്ഷം ഞെട്ടിച്ചതിനാല്‍ യുഡിഎഫ് അണികള്‍ ആശങ്കയിലാണ്.

പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും പിണറായി വിജയനും ചേര്‍ന്ന് നയിച്ച ഇടതു പ്രചരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാണ് വലിയ തിരിച്ചടിക്ക് കളമൊരുക്കിയതെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

മന്ത്രിമാര്‍ക്കെതിരെ അഴിമതി കേസുകള്‍ എണ്ണിപ്പറഞ്ഞ് വി.എസ് നടത്തിയ ആക്രമണവും ഇതിനെതിരെ കോടതിയില്‍ പോയി തിരിച്ചടി വാങ്ങിയതുമെല്ലാം വോട്ടര്‍മാരെ സ്വാധീനിച്ചതായും കോണ്‍ഗ്രസ്സ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ജിഷ കൊലക്കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നത് സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാരെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായും യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്.

ബി.ഡി.ജെ.എസ് – ബി.ജെ.പി സഖ്യം സി.പി.എം വോട്ട് ബാങ്കായ ഈഴവ വോട്ട് ചോര്‍ത്തി കളയുമെന്ന കണക്കുകൂട്ടലും യു.ഡി.എഫിന് തെറ്റി. ഇവിടെ വെള്ളാപ്പള്ളിയുടെ ടീം ചോര്‍ത്തിയത് യുഡിഎഫ് വോട്ടുകളാണ്.

മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സ് മുന്നണിയിലുള്ളതിനാല്‍ മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പിന്‍തുണ ലഭിക്കുമെന്ന ആത്മവിശ്വാസവും ഫലം വന്നപ്പോള്‍ തകര്‍ന്നടിഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ തോതില്‍ ഇടതുപക്ഷത്തെ പിന്‍തുണച്ച ചിത്രമാണ് ഫലപ്രഖ്യാപനത്തിലൂടെ വ്യക്തമായത്.

Top