തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധ സൂചകമായി നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ഇതിനിടെ വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ കേസ് അട്ടിമറിക്ക് പിന്നില്‍ സി.പി.എം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടത് എന്തുകൊണ്ടാണെന്നത് പുനരന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ വ്യാപ്തി വേണമെന്നും പ്രൊസിക്യുഷന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉയര്‍ന്ന ഓഫീസര്‍മാരോ പൊലീസുകാരോ ഈ കേസ് അന്വേഷണം ഇളക്കിയിട്ടുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. സിഡബ്യുസി ചെയര്‍മാന് വീഴ്ച സംഭവിച്ചു. ചെയര്‍മാന്‍ ഒരിക്കലും പ്രതിക്ക് വേണ്ടി ഹാജരാകാന്‍ പാടില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.