രാജ്യത്തെ ജനപ്രതിനിധികളിൽ, സമ്പന്നരുടെ ഒരു ലിസ്റ്റ് എടുത്താൽ , അതിൽ മുൻ നിരയിലാണ് ശശി തരൂരിന്റെ സ്ഥാനം. ശക്തമായ സാമ്പത്തിക അടിത്തറയുള്ള തരൂർ, തന്റെ രാഷ്ട്രീയ സ്വപ്നം നിറവേറ്റാൻ, വലിയ രൂപത്തിൽ പണം ചിലവിടാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മുഖ്യധാരാ മാധ്യമങ്ങൾ മുതൽ നവ മാധ്യമങ്ങളിൽ വരെ , തരൂരിനെ ഹീറോയാക്കാൻ , പ്രത്യേക ഇടപെടൽ തന്നെയാണ് നടന്നുവരുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിക്കുന്ന, വി.ഡി. സതീശനെ പോലും മറികടന്ന്, കേരളത്തിലെ യു.ഡി.എഫിന്റെ പ്രതീക്ഷയായാണ് , ആ മുന്നണിയിലെ നല്ലൊരു വിഭാഗവും തരൂരിനെ നോക്കി കാണുന്നത്. അത്തരമൊരു ‘പുകമറ’ സൃഷ്ടിക്കാൻ തരൂരിന്റെ പര്യടനങ്ങൾ കൊണ്ടു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. എതിർക്കപ്പെടുമ്പോഴാണ് ഒരു രാഷ്ട്രീയ നേതാവ് കരുത്താർജിക്കുക എന്ന ‘ബാലപാഠം’ അറിയുമായിരുന്നു എങ്കിൽ, വി.ഡി. സതീശൻ ഒരിക്കലും തരൂരിനെ എതിർക്കില്ലായിരുന്നു. ഇവിടെ സതീശന് മാത്രമല്ല, രമേശ് ചെന്നിത്തലയ്ക്കും പിഴച്ചു എന്നതാണ് യാഥാർത്ഥ്യം. തരൂരിന് പിന്നിൽ കളിക്കുന്നത് മുഴുവൻ ‘ എ ‘ ഗ്രൂപ്പാണ്. ഉമ്മൻ ചാണ്ടിക്കു ശേഷം ആര് എന്ന ചോദ്യത്തിന്, തരൂർ എന്ന ഉത്തരമാണ് എ വിഭാഗം നേതാക്കൾ നൽകുന്നത്. തനിക്ക് ഗ്രൂപ്പില്ലന്ന് തരൂർ പറയുന്നുണ്ടെങ്കിലും, ഉമ്മൻചാണ്ടിയുമായി സംസാരിച്ച് ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രമാണ് , തരൂർ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് കോഴിക്കോട് എം.പിയും , ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ എം.കെ രാഘവനാണ്. ബെന്നി ബഹ്നാൻ എം.പി ഉൾപ്പെടെയുള്ള ‘എ’ ഗ്രൂപ്പ് നേതാക്കളും , കരുനീക്കങ്ങളുമായി അണിയറയിൽ സജീവമാണ്.
ഉമ്മൻ ചാണ്ടി ചിത്രത്തിൽ നിന്നും മാറിയതോടെ, നായകനില്ലാത്ത പട പോലെയാണ് ‘എ’ ഗ്രൂപ്പ് നിലവിലുള്ളത്. മറ്റു ഗ്രൂപ്പ് നേതാക്കൾക്കൊന്നും അണികളെ പിടിച്ചു നിർത്താനുള്ള ശേഷിയും ഇല്ല. ഡൽഹിയിൽ കെ.സി വേണുഗോപാലും, കേരളത്തിൽ വി.ഡി സതീശനും കരുത്താർജിക്കുക കൂടി ചെയ്തതോടെ, പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ‘എ’ ഗ്രൂപ്പ് നേതാക്കൾക്കുള്ളത്. ഇതോടെയാണ് ‘തരൂർ’ എന്ന ഓപ്ഷനിലേക്ക് ഉമ്മൻ ചാണ്ടിയും എത്തിയത്. ലോകസഭ – നിയമസഭ തിരഞ്ഞെടുപ്പുകളിലും, പാർട്ടി പുന സംഘടനയിലും, തന്റെ ഒപ്പമുള്ളവർ പരിഗണിക്കപ്പെടണം എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. അതിന് ഹൈക്കമാന്റുമായി വില പേശാൻ തരൂരിന്റെ ‘ആരോഗ്യവും’ ഉമ്മൻ ചാണ്ടി വിഭാഗത്തിന് ആവശ്യമാണ്. അസംതൃപ്തരായ ‘ഐ’ വിഭാഗം നേതാക്കളെ ഒപ്പം കൂട്ടാൻ തരൂരിന് കഴിഞ്ഞതും, ‘എ’ ഗ്രൂപ്പിന്റെ പ്രതീക്ഷകൾക്കാണ് പുതുജീവൻ പകർന്നിരിക്കുന്നത്. എറണാകുളം എം.പി ഹൈ ബി ഈഡൻ , മുൻ എം.എൽ.എ ശബരീനാഥൻ തുടങ്ങിയവരാണ് ‘ഐ ‘ വിട്ട് തരൂരിനൊപ്പം കൂടിയിരിക്കുനത്. കെ മുരളീധരൻ എം.പിയും ശശി തരൂരിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതായത് കോൺഗ്രസ്സിലെയും പോഷക സംഘടനയിലെയും നല്ലൊരു വിഭാഗവും തരൂരിനെയാണ് , പ്രതീക്ഷയോടെ നോക്കി കാണുന്നത്. യു.ഡി.എഫ് ഘടക കക്ഷികളായ മുസ്ലീം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് എന്നിവരും തരൂരിന്റെ നേതൃത്വത്തെ അംഗീകരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന … വി.ഡി സതീശൻ , കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കാണ് , തരൂരിന്റെ ഈ സ്വീകാര്യത വെല്ലുവിളി ഉയർത്തുന്നത്. ‘എ’ ഗ്രൂപ്പിൽ മുഖ്യമന്ത്രി സ്ഥാന മോഹികൾ ഇല്ലാത്തതാണ്, നിലവിൽ ആ ഗ്രൂപ്പിന്റെ ശക്തി. അതു കൊണ്ട് മാത്രമാണ് , തരൂരിനെ മുൻ നിർത്തി അവർ കളിക്കുന്നത്. സജീവ രാഷ്ട്രീയത്തിനോട് വിടപറയും മുൻപ്, സ്വന്തം ഗ്രൂപ്പ് നേതാക്കളെ സുരക്ഷിത പാളയത്തിൽ എത്തിക്കുക എന്നതു മാത്രമാണ് , ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. ലോകസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾ, ഇത്തവണ ഉമ്മൻ ചാണ്ടിയും പ്രതീക്ഷിക്കുന്നില്ല. പരമാവധി 5 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നതാണ് ‘എ’ ഗ്രൂപ്പ് നേതാക്കൾ കണക്കു കൂട്ടുന്നത്. അത്തരമൊരു ഘട്ടത്തിൽ തരൂരിനെ മുൻ നിർത്താതെ, നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ പറ്റാത്ത അവസ്ഥ, യു.ഡി.എഫിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യം മുന്നിൽ കണ്ടാണ്, ഉമ്മൻ ചാണ്ടിയും ‘എ’ ഗ്രൂപ്പ് നേതാക്കളും മുന്നോട്ട് പോയി കൊണ്ടിരിക്കുനത്. ‘ഐ’ ഗ്രൂപ്പ് നേതാക്കളുടെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന നീക്കം കൂടിയാണിത്.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ , ഭരണത്തിൽ തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്നാണ് മുസ്ലീം ലീഗും കരുതുന്നത്. ഇനി ഒരിക്കൽ കൂടി ഭരണം ലഭിക്കാത്ത അവസ്ഥ, ലീഗ് നേതാക്കൾക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല. ലീഗിന്റെ ഈ പിന്തുണയും തരൂരിന് മുമ്പണിയിൽ വലിയ കരുത്ത് നൽകുന്നുണ്ട്. കോൺഗ്രസ്സിൽ തരൂരിന് എതിരെ ഉയരുന്ന എതിർപ്പ് പരമാവധി ആളിക്കത്തിച്ച്, തരൂരിന് ഹീറോ പരിവേഷം നൽകാൻ , മാധ്യമങ്ങളിലും കൃത്യമായ ഇടപെടലാണ് നിലവിൽ നടക്കുന്നത്. ഇവിടെയാണ് , തരൂരിനായുള്ള പി ആർ വർക്ക് വിജയം കാണുന്നത്. എതിർക്കപ്പെടുന്നവന് ലഭിക്കുന്ന സ്വീകാര്യതയാണ് , തരൂരിന്റെ പരിപാടികളിലെ ആൾക്കൂട്ടം. ഇത് വലിയ ആൾക്കൂട്ടം ഒന്നുമല്ലങ്കിലും, അത്തരം ഒരു ഇമേജ് സൃഷ്ടിക്കാനാണ് , പി.ആർ ടീം ശ്രമിക്കുന്നത്. കാമ്പസുകളിൽ നിന്നും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ തൂത്തെറിയപ്പെട്ട സാഹചര്യത്തിൽ, വിദ്യാർത്ഥി സമൂഹത്തിനിടയിൽ പോലും , തരൂരിന് പിന്തുണ ഉണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള ആസൂത്രിത ശ്രമവും അണിയറയിൽ നടക്കുനുണ്ട്. അരാഷ്ട്രീയ കാമ്പസുകൾ കേന്ദ്രീകരിച്ച്, തരൂരിനായുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇതും കൃത്യമായ ഇടപെടലാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയപ്പെട്ടവനായ തരൂരിനെ , അരാഷ്ട്രീയ കാമ്പസുകളിലെ ഹീറോയാക്കാനാണ് ശ്രമം. ഇതിന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മേധാവികളും ശരിക്കും കൂട്ടു നില്‍ക്കുന്നുണ്ട്. തരൂരിന്റെ പ്രസംഗത്തിനും , അദ്ദേഹവുമായുള്ള സംവാദത്തിനും വേണ്ടിയെന്ന പേരില്‍ , കാമ്പസുകളില്‍ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം പരിപാടികള്‍, തരൂരിന്റെ രാഷ്ട്രീയ ‘അജണ്ട’യെയാണ് പരോക്ഷമായി പിന്തുണയ്ക്കുന്നത്. പുതിയ തലമുറയില്‍ നിന്നും വേരറ്റു പോയ വലതുപക്ഷ രാഷ്ട്രീയത്തെ, തരൂരിനെ മുന്‍ നിര്‍ത്തി തിരികെ കൊണ്ടുവരാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാന്‍ ഇടതുപക്ഷവും തയ്യാറാവേണ്ടതുണ്ട്. യു.ഡി.എഫ് എന്ന സംവിധാനത്തേക്കാള്‍, അപകടകാരിയാണ്, തരൂര്‍ എന്ന വ്യക്തി എന്നത് തിരിച്ചറിയണം. അരാഷ്ട്രീയ ബോധത്തിന് നല്ല വേരോട്ടമുള്ള പുതിയ തലമുറയില്‍, ഇന്റര്‍നെറ്റിന്റെ പുതിയ കാലത്ത്…തരൂരിന് സ്വാധീനം ഉറപ്പിക്കാന്‍ , അദ്ദേഹത്തിന്റെ ഇന്റര്‍നാഷണല്‍ ഇമേജും, കോണ്‍ഗ്രസ്സിലെ എതിര്‍പ്പുകളും തന്നെ ധാരാളമാണ്. അങ്ങനെ സംഭവിച്ചാല്‍, അത് വലതുപക്ഷ രാഷ്ട്രീയത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യുക. രാഷ്ട്രീയ മത്സരം എന്നതിലുപരി, വ്യക്തി കേന്ദ്രീകൃത മത്സരമാക്കി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ തരൂരും സംഘവും മാറ്റിയാല്‍ , വലതുപക്ഷ വോട്ട് ബാങ്കുകളാണ് കേന്ദീകരിക്കപ്പെടുക. അതൊരിക്കലും ഇടതുപക്ഷ കേരളത്തിന് ഗുണകരമാകുകയില്ല. യു.ഡി.എഫിനെ എതിര്‍ക്കുന്നതു പോലെ തന്നെ, തരൂരിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകളെയും തുറന്നു കാണിക്കാന്‍ , ഇടതുപക്ഷം തയ്യാറാകണം. എങ്കില്‍ മാത്രമേ ശരിയായ രാഷ്ട്രീയ പോരാട്ടവും സാധ്യമാകുകയൊള്ളൂ. വ്യക്തി കേന്ദ്രീകൃത മത്സരമായി തിരഞ്ഞെടുപ്പുകള്‍ മാറി കഴിഞ്ഞാല്‍, മുന്നണികളും അവര്‍ ഉയര്‍ത്തുന്ന ആശയങ്ങളുമാണ് മുങ്ങിപ്പോവുക. ഏകാധിപത്യത്തിലേക്കുള്ള അത്തരം ഏത് ചുവട് വയ്പ്പുകളെയും തടയാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അത് അവര്‍ നിറവേറ്റുക തന്നെ വേണം. രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നതും , അതു തന്നെയാണ് . . .
EXPRESS KERALA VIEW