പാരിസ്ഥിതികമായി പ്രാധാന്യം നല്‍കുന്നതിനായി നിശ്ചയിക്കപ്പെട്ട ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം. ഇത്തരം പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക വഴി, സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരു തരം ‘ഷോക്ക് അബ്‌സോര്‍ബറുകള്‍” സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തെ തകര്‍ക്കുന്ന നിലപാടാണിപ്പോള്‍ യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട നിലപാടാണിത്. മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റിനും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെയാണ് യു.ഡി.എഫ് സമരം ആരംഭിച്ചിരിക്കുന്നത്.
കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 26ന് മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേക്കും ലോങ് മാര്‍ച്ച് നടത്തുവാനാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് അടിവാരത്ത് 24 മണിക്കൂര്‍ രാപ്പകല്‍ സമരവും യു.ഡി.എഫ് സംഘടിപ്പിക്കുന്നുണ്ട്. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക ജനസംരക്ഷണ സമിതി എന്ന സംഘടനയും യു.ഡി.എഫ് രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് നേതാക്കളാണ് ഈ സംഘടനയുടെയും തലപ്പത്തുള്ളത്. മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖല വനത്തിനുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്തണമെന്നതാണ് ആവശ്യം. വാസസ്ഥലങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ യു.ഡി.എഫ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂര്‍, കട്ടിപ്പാറ, വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക തുടങ്ങിയ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതാണ് നിലവിലെ കരട് വിജ്ഞാപനം. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയോടെയുള്ള കരട് വിജ്ഞാപനം നടപടിക്രമങ്ങളും നിയമവശങ്ങളും പാലിക്കാതെയാണ് ഇറക്കിയിരിക്കുന്നതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
പരിസ്ഥിതി ലോലമേഖലകളില്‍ ഒരു കിലോമീറ്റര്‍ ദൂരം വരെയാണ് നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഉണ്ടാകുക. ഇതുമൂലം സാധാരണക്കാരന് ജീവിതം വഴിമുട്ടുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ വാദിക്കുന്നത്. ചെറിയ ബുദ്ധിമുട്ടുകള്‍ വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ യു.ഡി.എച്ച് മറച്ചു പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള പ്രഹസന സമരമാണിത്. രണ്ട് തവണ വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച മണ്ണാണിത്. മൂന്നാമത്തെ ദുരന്തമാകട്ടെ ഇടുക്കിയുടെ കണ്ണീരായും മാറുകയുണ്ടായി. വീണ്ടുമൊരു ദുരന്തം കൂടി താങ്ങാനുള്ള കരുത്ത് ഈ കേരളത്തിനില്ല. പ്രകൃതിക്കെതിരെ കൊടിപിടിക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
വനങ്ങള്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു സ്വാഭാവിക പ്രകൃതിയാണ്. പരസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നത് പോലെ പത്തിരുപതു വര്‍ഷം മനുഷ്യര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ഏത് പ്രദേശവും വനമായി മാറും. അത്രയ്ക്കും പരിസ്ഥിതി അനുകൂല കാലാവസ്ഥയാണ് ഇവിടെയുള്ളത്. എന്നാല്‍ മനുഷ്യരുടെ ആക്രമണം മൂലം സംരക്ഷിത വനങ്ങള്‍ പോലും നശിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള താപനം പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിനു തന്നെ വലിയ വെല്ലുവിളിയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് വന നശീകരണത്തെ പോത്സാഹിപ്പിക്കുന്നത് ആരായാലും അവര്‍ ഈ നാടിന്റെ ശത്രുക്കളാണ്.
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 20 ശതമാനമാണ് വനങ്ങളുള്ളത്. കേരളത്തിലെ ഭൂവിസ്തൃതിയുടെ 29 ശതമാനവും വനങ്ങളാണ്. ആകെ 11,309 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും 364 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ്വായി മാറ്റാനുള്ള വനവുമാണ് ഇവിടെയുള്ളത്. 1837 ചതുരശ്ര കിലോമീറ്ററിലാണ് നിക്ഷിപ്ത വനം സ്ഥിതി ചെയ്യുന്നത്. ഇതാകട്ടെ പരിസ്ഥിതി ദുര്‍ബല പ്രദേശവും ആണ്. മനുഷ്യരാണിപ്പോള്‍ വനത്തിന്റെ പ്രധാന ശത്രു. കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ട ‘വനം’ നശിച്ചാല്‍ പിന്നെ ഒരിക്കലും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുകയില്ല.
വ്യത്യസ്തങ്ങളായ അനവധി ജീവിവര്‍ഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും അവയുടെ ജീവന്റെ നിലനില്‍പ്പാണ് മനുഷ്യ ജീവന്റെ അടിസ്ഥാനമെന്നതും നാം മറന്നു പോകരുത്. ഇതെല്ലാം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും അറിയാമെങ്കിലും ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ഇപ്പോഴും അറിയില്ല. അതല്ലെങ്കില്‍ അവര്‍ അറിയില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അവരിപ്പോള്‍ പരിസ്ഥിതി സംരക്ഷണ വിജ്ഞാപനത്തെയും എതിര്‍ക്കുന്നത്. നാളെ ഭൂമി നശിച്ചാലും വേണ്ടില്ല ഇന്ന് സുഖമായി ജീവിക്കണമെന്ന നിലപാടാണിത്. വരും തലമുറയോട് ചെയ്യുന്ന ഈ മഹാ പാപത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വരിക. ഇക്കാര്യം വൈകിയാണെങ്കിലും യു.ഡി.എഫ് നേതൃത്വവും തിരിച്ചറിയുന്നത് നല്ലതാണ്.