തിരുവനന്തപുരം: യുഡിഎഫിനെ പരിഹസിച്ച് മന്ത്രി എം.എം മണി രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി പരിഹാസവുമായി എത്തിയിരിക്കുന്നത്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ചില സര്‍വ്വേ ഫലങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു കാണുന്നുണ്ടെന്നും ഈ സര്‍വ്വേ ഫലങ്ങളില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുമെന്ന് പ്രവചിച്ചിട്ടുള്ളതായി കണ്ടത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും മണി പറഞ്ഞു.
ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാല്‍ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസ്സുകാര്‍ക്കു പോലും അറിയില്ലെന്നും മണി പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ചില സര്‍വ്വേ ഫലങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു കാണുന്നുണ്ട്. ഈ സര്‍വ്വേ ഫലങ്ങളില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുമെന്ന് പ്രവചിച്ചിട്ടുള്ളതായും കാണുന്നു. ഈ വാര്‍ത്ത മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാല്‍ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസ്സുകാര്‍ക്കു പോലും അറിയില്ല. പ്രമുഖ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപികരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്‌ക്കേ എന്തെങ്കിലും സാധ്യതയുള്ളൂ. ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ചിലര്‍ ഇപ്പോഴും ദിവാ സ്വപ്നങ്ങളിലാണ്. അവര്‍ തന്നെയാണ് സര്‍വ്വേയുമായി ഇറങ്ങിയിരിക്കുന്നതും. എന്തായാലും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല.സര്‍വ്വേക്കാര്‍ എന്ത് പറഞ്ഞാലും കേരളത്തിലെ ജനവിധി 2004 ലേതിനേക്കാള്‍ മെച്ചപ്പെട്ടതാകും.