കൊല്ലം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ദ്വീപ് സന്ദര്‍ശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാര്‍ അനുമതി തേടിയത്.
തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുളള എംപി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയത്.