കേരളത്തിലെ യു.ഡി.എഫ് നേതൃത്വമിപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ്സിനേക്കാള്‍ വെട്ടിലായിരിക്കുന്നത് മുസ്ലീം ലീഗാണ്. ശശി തരൂരിന്റെ മോദി സ്തുതി അത്രമാത്രം ആ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കെ. മുരളീധരനും ശശി തരൂരും തമ്മില്‍ നടക്കുന്ന വാക്ക് പോരില്‍ മുരളീധരന്റെ പക്ഷത്താണ് ലീഗ് നേതൃത്വം. തരൂരിനെതിരെ സംഘടനാപരമായ നടപടി കോണ്‍ഗ്രസ്സ് സ്വീകരിക്കണമെന്നത് തന്നെയാണ് ലീഗിലെ പൊതുവികാരം. കുമ്മനം രാജശേഖരന്‍ വിജയിക്കാതിരിക്കാന്‍ തരൂരിനൊപ്പം നിന്ന ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതാണ് മോദി സ്തുതിയെന്നാണ് ലീഗ് ആക്ഷേപം. മുസ്ലിം ലീഗിന്റെ കീഴ് ഘടകങ്ങള്‍ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയരുന്നത്. ലീഗ് നേതൃത്വം ശക്തമായി പ്രതികരിക്കാത്തതിലും അണികള്‍ രോഷാകുലരാണ്.
സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലും പാര്‍ലമെന്റില്‍ ലീഗ് എം.പിമാര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ അമര്‍ഷമാണ് തരൂര്‍ വിഷയത്തോടെ പൊട്ടിതെറിയിലെത്തി നില്‍ക്കുന്നത്. ഈ പോക്ക് പോയാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷ വിഭാഗം ഇടതുപക്ഷത്തേക്ക് പോകുമെന്ന മുന്നറിയിപ്പും ലീഗ് പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.
പാലായിലും തുടര്‍ന്ന് മറ്റ് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂര്‍ വിഷയം വലിയ വെല്ലുവിളിയാണ് യു.ഡി.എഫില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗങ്ങളും തരൂരിനെതിരെയാണ് കലി തുള്ളുന്നത്. കെ. മുരളീധരനിലൂടെ പുറത്ത് വന്നതും ഈ പ്രതിഷേധമാണ്.
ഹൈക്കമാന്റിന്റെ പ്രിയപ്പെട്ടവനായിട്ടും ശശി തരൂരിനെതിരെ ആഞ്ഞടിക്കാന്‍ മുരളീധരന്‍ മാത്രമാണ് ചങ്കൂറ്റം കാണിച്ചിരുന്നത്. പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് പോലും ദയനീയമായിരുന്നു. തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് തരൂര്‍ മറുപടി പറഞ്ഞതോടെ ചെന്നിത്തലയും മാളത്തിലൊളിച്ചു. അവിടെയും പൊരുതി ആക്രമിച്ചത് മുരളീധരന്‍ മാത്രമായിരുന്നു.
ബി.ജെ.പിയില്‍ ചേരാനാണ് തരൂരിനെ മുരളീധരന്‍ ഉപദേശിച്ചിരുന്നത്. ‘തന്നെ ഉപദേശിച്ചയാള്‍ എട്ടു വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയതെന്നായിരുന്നു’ തരൂര്‍ ഇതിന് നല്‍കിയ മറുപടി. മോദിക്കെതിരെ വെറും ക്രിയാത്മക വിമര്‍ശനം മാത്രം മതിയെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തരൂരിന്റെ ഈ നിലപാട് വീണ്ടും വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയിരിക്കുന്നത്. ബെന്നി ബഹന്നാന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയ എം.പിമാരും തരൂരിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. നടപടി വിശദീകരണത്തില്‍ മാത്രം ഒതുങ്ങരുതെന്നും അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിച്ച നടപടി തന്നെ വേണമെന്നുമാണ് ലീഗും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തുന്നില്ലെങ്കിലും നിലപാട് കോണ്‍ഗ്രസ്സ് നേതൃത്വത്തെ അവരും അറിയിച്ചിട്ടുണ്ട്.
ഇതോടെ ആകെ ധര്‍മ്മസങ്കടത്തിലായിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ചര്‍ച്ച ചെയ്യപ്പെടുന്നവരില്‍പ്പെട്ടയാള്‍ തന്നെ മോദി സ്തുതികനായതില്‍ യുവ നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ്, മനു അഭിഷേക് സിംഗ് വി എന്നിവരും സമാന അഭിപ്രായ പ്രകടനം നടത്തിയതിനാല്‍ ഒരു നടപടിയും തരൂരിനെതിരെ സ്വീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല മോദി സ്തുതി വിവാദത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടന്നും പറഞ്ഞ രാഹുല്‍ പാക്കിസ്ഥാനെതിരെ ശക്തമായാണ് ആഞ്ഞടിച്ചത്. പല വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായ ഭിന്നത ഉണ്ടെന്ന് തുറന്ന് പറഞ്ഞ് തന്നെയാണ് ഇക്കാര്യത്തിലുള്ള യോജിപ്പ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തുടക്കത്തില്‍ തന്നെ ഭിന്നത പ്രകടമായിരുന്നു. ഇക്കാര്യത്തില്‍ അന്നും ഇന്നും ഉറച്ച നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം മാത്രമാണ്. പൊലീസ് തടഞ്ഞപ്പോള്‍ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ മടങ്ങിയപ്പോള്‍ നിയമയുദ്ധം നടത്തിയാണ് സി.പി.എം വിജയം നേടിയത്.
കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെ മറികടന്ന് വീട്ടുതടങ്കലിലുള്ള സി.പി.എം നേതാവ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു പൗരന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെ കാണുന്നത് എങ്ങനെ തടയാന്‍ കഴിയുമെന്നാണ് കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരുന്നത്. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനെ ഉത്തരം മുട്ടിക്കുന്നതായിരുന്നു ഈ ചോദ്യം.
പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ തരിഗാമി ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെയാണ് സുരക്ഷാസേന വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. തരിഗാമിയെ കാണാന്‍ മുന്‍പ് യച്ചൂരി ജമ്മു കശ്മീരില്‍ എത്തിയെങ്കിലും സുരക്ഷാസേന വിമാനതാവളത്തില്‍ വച്ച് തന്നെ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറിക്ക് തോന്നിയ ഈ ബുദ്ധി കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് തോന്നാത്തതും ഇപ്പോള്‍ ചര്‍ച്ചയാണ്.
കോണ്‍ഗ്രസ്സിന്റെ ഈ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കേരളത്തില്‍ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്നും കാവിയിലേക്കുള്ള ഖദറിന്റെ ദൂരം കുറവാണെന്നുമാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. അബ്ദുള്ളക്കുട്ടിയേയും തരൂരിന്റെ ഇപ്പോഴത്തെ നിലപാടുകളെയും ഉയര്‍ത്തിക്കാട്ടിയാണ് ഈ വിമര്‍ശനം. ഇതിന് വ്യക്തമായ ഒരു മറുപടി പറയാനില്ലാതെ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ കെ.പി.സി.സി നേതൃത്വം.
തരൂരിനെതിര എന്ത് നടപടി സ്വീകരിക്കാനും ഹൈക്കമാന്റിന്റെ അനുമതി കെ.പി.സി.സിക്ക് ആവശ്യമാണ്. ആ അനുമതി എന്തായാലും സോണിയ ഗാന്ധിയില്‍ നിന്നും ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. പിന്നെ എങ്ങനെ മുന്നണിയിലെ രോഷം മുല്ലപ്പള്ളി ശമിപ്പിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. തരൂരിന്റെ പ്രസ്താവന ന്യൂനപക്ഷത്തെ യു.ഡി.എഫില്‍ നിന്നും അകറ്റാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് അവരുടെ വിലയിരുത്തല്‍.
Political Reporter