യുഡിഎഫ് സര്‍ക്കാര്‍ ചട്ടം മറികടന്ന് 38 പേരെ സ്ഥിരപ്പെടുത്തിയ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഇടതു സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നിയമനവിവാദം കൊഴുക്കുമ്പോള്‍, ഡല്‍ഹി കേരള ഹൗസില്‍ 38 താല്ക്കാലിക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.

10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനം വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിരോധിക്കാനാണ് സിപിഎം കേന്ദ്രങ്ങളുടെ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളഹൗസിലെ 38 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് രേഖയുള്‍പ്പടെ ഇപ്പോള്‍ പുറത്ത് വന്നത്. തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം.

10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമും പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് മറി കടന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സ്ഥിരനിയമനം. ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയായാണ് വിഷയം പരിഗണിച്ചത്.

Top