സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ യുഡിഎഫ് നേതൃയോഗം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് രൂപം നല്‍കും. ഒരു മാസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വൈകിയിരുന്നു. ഇത്തവണ പരസ്യ സീറ്റ് ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ ഇല്ലാതെ വിജയ സാധ്യത മുന്‍നിര്‍ത്തിയും വിവാദങ്ങള്‍ ഒഴിവാക്കിയും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

അതേസമയം, കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റില്‍ നിന്ന് 30 സീറ്റ് വരെ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വയ്ക്കും. എല്‍ജെഡിയടക്കം രണ്ട് കക്ഷികള്‍ മുന്നണി വിട്ടതോടെ ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സിഎംപി എന്നിവരെല്ലാം കൂടുതല്‍ സീറ്റെന്ന ആവശ്യം മുന്നോട്ട് വയ്ക്കും.

2016 ല്‍ 22 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസും എല്‍ജെഡിയും മത്സരിച്ചത്. നിലവില്‍ മുന്നണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 10 സീറ്റ് വരെ നല്‍കിയാല്‍ പോലും അവശേഷിക്കുന്ന സീറ്റുകളില്‍ മറ്റ് കക്ഷികള്‍ കണ്ണ് വച്ചു കഴിഞ്ഞു. മധ്യ കേരളത്തിലടക്കം ചില സീറ്റുകളില്‍ കോണ്‍ഗ്രസും നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് വിഭജനം യുഡിഎഫിന് എളുപ്പമാകില്ല.

അതേസമയം, എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടു വന്നാല്‍ മൂന്ന് മുതല്‍ നാല് സീറ്റ് വരെ യുഡിഎഫിന് മാറ്റിവെക്കേണ്ടതായി വരും. യുഡിഎഫിന്റെ കീഴ്ഘടകങ്ങള്‍ ശക്തമാക്കുക, തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കുക തുടങ്ങിയ അജണ്ടകള്‍ നാളെ ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹൈക്കമാന്‍ഡ് നിയമിച്ച അശേക് ഗെഹ്ലോട്ട് അടങ്ങുന്ന സംഘം വൈകാതെ കേരളത്തിലെത്തും.

Top