യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ; ഗതാഗതക്കുരുക്കില്‍പ്പെട്ട് വലഞ്ഞ് ജനങ്ങള്‍

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ്, പിഎസ്സി വിഷയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. യുഡിഎഫ് ഉപരോധത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുകയാണ് ജനങ്ങള്‍.

സെക്രട്ടേറിയറ്റിലേക്കുള്ള മിക്ക റോഡുകളും പൊലീസ് അടച്ചു. കാല്‍നട യാത്രക്കാരെപ്പോലും ഇതുവഴി കടത്തിവിടുന്നില്ല. സെക്രട്ടേറിയേറ്റ് ജീവനക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്.

നഗരത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയത്. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റും ഉപരോധിച്ച് രാവിലെ ആറ് മുതല്‍ ഉച്ച വരെയാണ് ഉപരോധം നടത്തുക

സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.

Top