തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ‘വിലക്ക് ‘ ഏര്‍പ്പെടുത്തിയ സംഭവം രാഷ്ട്രീയ നേട്ടമാക്കാന്‍ യുഡിഎഫ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി-വെള്ളാപ്പള്ളി സഖ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് വഴി ഇടതുപക്ഷം കൊണ്ടുപോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ച് പിടിക്കാന്‍ ഇപ്പോഴത്തെ വിവാദം കാരണമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതാക്കള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-വെള്ളാപ്പള്ളി കൂട്ടുകെട്ടുകെട്ടിന്റെ അസഹിഷ്ണുതാ മനോഭാവത്തിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രചാരണ പരിപാടികള്‍ക്കാണ് യുഡിഎഫ് അണിയറയില്‍ രൂപം കൊടുക്കുന്നത്.
ആര്‍ ശങ്കറിന്റെ പ്രതിമയ്ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെപിസിസി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമം ഇതിന്റെ ഭാഗമാണ്.
സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ പി.കെ ഗുരുദാസന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതും രാഷ്ട്രീയ പരമായി സിപിഎമ്മിന് ഇനി നിലപാട് മാറ്റാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതായാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്.
സംഘ്പരിവാര്‍-വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ മുഖ്യശത്രു മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരുമാണെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ പ്രചാരണം തന്നെ അഴിച്ചുവിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ബിജെപി-ബിജെഡിഎസ് മുന്നണിയുടെ വരവോടെ ഏത് മുന്നണി അധികാരത്തില്‍ വരുമെന്ന ആശങ്ക നിലനില്‍ക്കെ, വെള്ളാപ്പള്ളി ഇട്ടുനല്‍കിയ ഈ ‘ആയുധത്തില്‍’ പിടിച്ച് കയറി മുന്നണിയിലും സര്‍ക്കാരിലും കരുത്തനായ ഉമ്മന്‍ ചാണ്ടി ഭരണതുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസിയും മുസ്ലീംലീഗും നടത്തുന്ന കേരള യാത്രയിലും മുഖ്യമന്ത്രിക്കെതിരായ വിലക്ക് സംഘ്പരിവാറിനെ ആക്രമിക്കാനുള്ള പ്രചരണമാക്കി മാറ്റും.
എല്ലാക്കാലത്തും യുഡിഎഫിനെ ഭരണത്തിലേറ്റാന്‍ സഹായിച്ചിട്ടുള്ള ന്യൂനപക്ഷ വിഭാഗം കൈവിട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഈ പിന്തുണ തിരിച്ച് പിടിക്കുക എന്നതാണ് യുഡിഎഫിന്റെ പ്രധാനലക്ഷ്യം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വി.എം സുധീരനും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായി നയിക്കുമെന്നും നായകന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റും വ്യക്തമാക്കുന്നത്.