ഇടുക്കി: ഈ മാസം 26ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തെത്തിയിരുന്നു. കാബിനറ്റ് ചര്‍ച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഭേദഗതി വരുത്തിയ ഉത്തരവനുസരിച്ച് ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ. കൃഷിക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഭേദഗതി പ്രകാരം പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനി മുതല്‍ വില്ലേജ് ഓഫീസറുടെ എന്‍ഒസിയും ആവശ്യമായി വരും.
ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എന്‍ഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപിക്കുന്നത്.