തിരുവനന്തപുരം: സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം പാളിയെന്നും നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച കാണേണ്ടി വന്നെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലെ ഡ്രൈവര്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒരു ഡോക്ടര്‍ക്ക് കൊാവിഡ് രോഗികളുടെ ജീവനെടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നെന്നും ചെന്നിത്തല ആരോപിച്ചു.
പൊലീസിനെ ഉപയോഗിച്ചല്ല കൊവിഡിനെ നേരിടേണ്ടത്. ആരോഗ്യവിദഗ്ധര്‍ ചെയ്യേണ്ട ജോലിയാണത്. വ്യാജപ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.