എത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്ത ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. എ.ഐ.സി.സിക്ക് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താത്തവർ കെ.പി.സി.സിക്ക് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തരമാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സിന് സ്വാധീനം അവകാശപ്പെടാവുന്ന രണ്ട് സംസ്ഥാനങ്ങൾ കർണ്ണാടകയും കേരളവുമാണ്. കിട്ടിയ ഭരണമാണ് അധികാരമോഹത്താൽ കർണ്ണാടകയിൽ കോൺഗ്രസ്സ് തുലച്ച് കളഞ്ഞിരിക്കുന്നത്. ഖദർ ‘കാവി’ അണിഞ്ഞില്ലായിരുന്നു എങ്കിൽ ഇവിടെ ഇപ്പോഴും കോൺഗ്രസ്സ് സഖ്യത്തിന് ഭരിക്കാൻ കഴിയുമായിരുന്നു. കർണ്ണാടകയിൽ ബി.ജെ.പിക്ക് അധികാരം കോൺഗ്രസ്സാണ് കൈമാറിയിരിക്കുന്നത്. ഇനി ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന തുരുത്ത് കേരളം മാത്രമാണ്. അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പതിവ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ കോൺഗ്രസ്സ് മുന്നോട്ട് പോകുന്നത്.
എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചട ആ പ്രതീക്ഷകൾക്ക് മേലും ഇപ്പോൾ കരിനിഴൽ പടർത്തിയിരിക്കുകയാണ്. ഇത്രയധികം ആരോപണങ്ങൾ സർക്കാറിനെതിരെ ഉയർന്നിട്ടും ഇടതുപക്ഷം തകർപ്പൻ വിജയം നേടിയതാണ് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പറഞ്ഞതിനപ്പുറം പുതിയ ഒരു കാര്യവും യു.ഡി.എഫിന് ഇനി സർക്കാറിനെതിരെ പറയാനുണ്ടാവുകയുമില്ല. എല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു കഴിഞ്ഞു. ആരോപണങ്ങൾക്കെതിരെ ആധികാരിക വിജയം നേടിയ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണ്. ഈ സാഹചര്യത്തിൽ നേതൃമാറ്റം മാത്രമാണ് പോംവഴി എന്ന നിലപാടിലാണ് യു.ഡി.എഫ് അണികൾ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ശക്തനായ ഒരാളെ ഉയർത്തി കാട്ടണമെന്നതാണ് അവരുടെ ആവശ്യം.
കെ.പി.സി.സി അദ്ധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ, പ്രതിപക്ഷ നേതാവ് എന്നിവർ മാറണമെന്നത് യു.ഡി.എഫിനെ പിന്തുണക്കുന്നവരുടെയും പൊതുവികാരമാണ്. എന്നാൽ, ഈ വികാരമൊന്നും ഉൾക്കൊള്ളാൻ കോൺഗ്രസ്സ് നേതൃത്വം ഇപ്പോഴും തയ്യാറല്ലന്നതാണ് യാഥാർത്ഥ്യം.എ.ഐ.സി.സി നിരീക്ഷകൻ താരിഖ് അൻവറിന്റെ സന്ദർശനം പോലും പ്രഹസനമായിരിക്കുകയാണ്. മുല്ലപ്പള്ളിയെയും ഹസ്സനെയും ചെന്നിത്തലയെയും സംരക്ഷിക്കുന്ന നിലപാടാണ് താരിഖ് അൻവറും സ്വീകരിച്ചിരിക്കുന്നത്. ജില്ലകളിലെ അഴിച്ചു പണി മാത്രമാണ് തൽക്കാലം ഹൈക്കമാന്റ് ഉദ്യേശിക്കുന്നതെന്ന് വ്യക്തം. തലപ്പത്ത് മാറ്റം വരുത്താതെ താഴെതട്ടിൽ മാത്രം മാറ്റം വരുത്തിയത് കൊണ്ട് എന്ത് ഗുണമെന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് യു.ഡി.എഫ് രാഷ്ട്രീയം ഇപ്പോൾ കടന്നുപോകുന്നത്.
പിണറായി സർക്കാറിന് ഭരണ തുടർച്ച ലഭിച്ചാൽ തീർച്ചയായും യു.ഡി.എഫ് പിളരും. അധികാരമില്ലാതെ വീണ്ടും അഞ്ചു വർഷം കൂടി പിടിച്ചു നിൽക്കാനുള്ള വലിയ മനസ്സൊന്നും ആ മുന്നണിയിലെ ഒരു ഘടകകക്ഷിക്കുമില്ല. അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സിലെ ഒരു വിഭാഗത്തെ നിഷ്പ്രയാസം പിളർത്താൻ ബി.ജെ.പിക്കും കഴിയും. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഭിന്നത, മുസ്ലീം ലീഗിനെയും വലിയ പൊട്ടിത്തെറിയിലേക്കാണ് കൊണ്ടു പോകുക. ഇപ്പോൾ തന്നെ, ലീഗിന്റെ അടിത്തറയായ സമസ്തയിലെ ഒരു വിഭാഗത്തിന് ഇടതുപക്ഷത്തിനോടാണ് ആഭിമുഖ്യമുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ അടുപ്പമാണ് ഈ വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൗരത്യ നിയമ ഭേദഗതിക്കെതിരായ പിണറായി സർക്കാർ നിലപാടിലും സമസ്ത ഹാപ്പിയാണ്.
ഭരണ തുടർച്ച ഇടതുപക്ഷത്തിന് ലഭിച്ചാൽ ലീഗിലും പിളർപ്പിനുള്ള സാധ്യത ഏറെയാണ്. ഏത് വിഭാഗം ഇടതുപക്ഷത്ത് എത്തുമെന്നതും, കണ്ടറിയേണ്ട കാര്യം തന്നെയാണ്. യു.ഡി.എഫിലെ മറ്റു പ്രമുഖ കക്ഷികൾ ആർ.എസ്.പിയും കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പുമാണ്. ഈ രണ്ട് പാർട്ടികളെ സംബന്ധിച്ചും അടുത്ത ഭരണം നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. സി.പി.എമ്മിനോട് ഇടഞ്ഞ് ഇടതുപക്ഷം വിട്ട ആർ.എസ്.പി, സ്വന്തം തട്ടകമായ കൊല്ലത്ത്, വലിയ വെല്ലുവിളിയാണ് നേരിടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് കൊല്ലവും തൂത്ത് വാരിയിരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിൽ കൂടി തിരിച്ചടി നേരിട്ടാൽ, അത് താങ്ങാനുള്ള ശേഷി എന്തായാലും ആർ.എസ്.പിക്ക് ഉണ്ടാകുകയില്ല. ജോസഫ് വിഭാഗം കേരള കോൺഗ്രസ്സിന്റെ അവസ്ഥയും പരിതാപകരമാണ്. മധ്യ തിരുവതാംകൂറിൽ ജോസ് കെ മാണി വിഭാഗം കരുത്ത് തെളിയിച്ചതോടെ ജോസഫ് വിഭാഗത്തിന്റെ പ്രസക്തി തന്നെ നഷ്ടമായിരിക്കുകയാണ്.
ഭരണമാറ്റം ഇല്ലങ്കിൽ ജോസഫ് വിഭാഗവും അതോടെ തീരും. ഈ യാഥാർത്ഥ്യം നേതാക്കൾക്ക് മനസ്സിലായാലും ഇല്ലങ്കിലും ഈ പാർട്ടികളുടെയെല്ലാം അണികൾക്ക് ശരിക്കും ബോധ്യമായിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് അവർ മുറവിളി കൂട്ടുന്നത് അതുകൊണ്ടാണ്. എന്നാൽ അണികളുടെ വികാരമോ ഗ്രൗണ്ട് റിയാലിറ്റിയോ മനസ്സിലാക്കാൻ കോൺഗ്രസ്സ് നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ല. നേതൃമാറ്റമില്ലന്ന സന്ദേശം കോൺഗ്രസ്സ് നൽകിയതോടെയാണ് ഉമ്മൻചാണ്ടി സജീവമാകണമെന്ന നിർദ്ദേശം ഘടക കക്ഷികൾ ഹൈക്കമാന്റിന് മുന്നിൽ വച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി ഉയർത്തിക്കാട്ടാതിരിക്കാനാണ് ഈ നിർദ്ദേശം. ഉമ്മൻചാണ്ടി യു.ഡി.എഫിനെ സംബന്ധിച്ച് ബെറ്റർ ഓപ്ഷനാണെങ്കിലും ഇപ്പോഴത്തെ ശാരീരികാവസ്ഥ ഉമ്മൻചാണ്ടിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. എത്രമാത്രം പ്രചരണ രംഗത്ത് അദ്ദേഹത്തിന് ക്ഷോഭിക്കാൻ കഴിയുമെന്നത് കണ്ടു തന്നെ അറിയേണ്ടതുണ്ട്. ഊർജസ്വലനായി പറന്ന് നടക്കുന്ന പിണറായി വിജയന്റെ അടുത്തെത്താൻ ഉമ്മൻ ചാണ്ടിക്ക് ശരിക്കും വിയർക്കേണ്ടി വരും.
യു.ഡി.എഫിൽ ഉമ്മൻ ചാണ്ടിയോളം ജനസ്വാധീനമുള്ള മറ്റൊരു നേതാവില്ലന്നതും ആ മുന്നണി നേരിടുന്ന പരിമിതിയാണ്. ഇനി ഉമ്മൻ ചാണ്ടിയെ ഉയർത്തി കാട്ടിയാലും സംഘടനാപരമായ ന്യൂനത കോൺഗ്രസ്സിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. താഴെ തട്ടിൽ തകർന്ന അവസ്ഥയിലാണ് നിലവിൽ കോൺഗ്രസ്സുള്ളത്. സജീവമായി ഉള്ളവരാകട്ടെ, വിവിധ ഗ്രൂപ്പുകളുടെ ഭാഗവുമാണ്.കെ.സി വേണുഗോപാലല്ല, സാക്ഷാൽ രാഹുൽ ഗാന്ധി വിചാരിച്ചാലും, ഗ്രൂപ്പിസത്തിന് അറുതിവരുത്താൻ കഴിയുകയുമില്ല. കോൺഗ്രസ്സിന്റെ ശാപമാണ് ഈ ഗ്രൂപ്പിസം. ഗ്രൂപ്പ് നേതാവായിരുന്നെങ്കിലും കെ മുരളീധരൻ കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ സംഘടനാപരമായ ഉണർവ്വ് കോൺഗ്രസ്സിന് ഉണ്ടായിരുന്നു. നിലവിലെ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ വലിയ ഒരു പരാജയവുമാണ്. അതിനേക്കാൾ വലിയ പരാജയമാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കിൽ ഒരു കോമഡി പീസായും മാറി കഴിഞ്ഞു.
ഇവരെല്ലാം ചേർന്ന് കോൺഗ്രസ്സിന്റെ അടിത്തറയാണ് ശരിക്കും തകർത്തിരിക്കുന്നത്. ബി.ജെ.പിയുടെ ആരോപണം ഏറ്റെടുക്കുക വഴി, കാവിക്ക് വളരാനുള്ള സാഹചര്യമാണ് ചെന്നിത്തല സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പി, യു.ഡി.എഫ് വോട്ട് ബാങ്കിൽ നുഴഞ്ഞ് കയറി എന്ന യാഥാർത്ഥ്യം കുഞ്ഞാലിക്കുട്ടിയും, ഷിബു ബേബി ജോണും, പരസ്യമായാണ് സമ്മതിച്ചിരിക്കുന്നത്.മുരളീധരനെ പോലെയുള്ള കോൺഗ്രസ്സ് നേതാക്കളും, ഈ അപകടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതും വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടാക്കിയിരിക്കുന്നത്.ഇതിന് പ്രധാന കാരണക്കാർ, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ്. ജമാഅത്തെ ഇസ്ലാമി സഹകരണത്തിന് കരുത്ത് പകർന്നത്, മറ്റൊരു കോൺഗ്രസ്സ് നേതാവായ എം.എം ഹസ്സനാണ്. മുസ്ലീം ലീഗ് നേതാവിനെ പോലെയാണ് ഈ യു.ഡി.എഫ് കൺവീനർ ജമാഅത്തെ ഇസ്ലാമിയുടെ കൂടാരത്തിൽ കയറി ചർച്ച നടത്തിയിരുന്നത്. ഇത്തരം ആളുകളാണ് കോൺഗ്രസ്സിനെയും മുന്നണിയെയും ശരശയ്യയിൽ കിടത്തിയിരിക്കുന്നത്.
ഇവരെ മാറ്റി നിർത്താതെ, വ്യക്തമായ പദ്ധതികൾ മുന്നോട്ട് വയ്ക്കാതെ ഒരടി മുന്നോട്ട് പോകാൻ യു.ഡി.എഫിനും കോൺഗ്രസ്സിനും ഇനി കഴിയുകയില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ സാന്നിധ്യമാകുന്നതോടെ വലിയ രൂപത്തിൽ ഭിന്നിക്കാൻ പോകുന്നത് പ്രതിപക്ഷ വോട്ടുകളാണ്. കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട ഒരു വിഭാഗം ബി.ജെ.പിയെ തുണക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ പ്രതിപക്ഷമായ ഇടതുപക്ഷത്തെ ജനങ്ങൾക്ക് വിശ്വാസമായിരുന്നു. അവർ നിലയുറപ്പിച്ചതും ഇടതുപക്ഷത്താടൊപ്പം തന്നെയായിരുന്നു.അതു കൊണ്ടാണ് പ്രതിപക്ഷ വോട്ടുകൾ അന്ന് കാര്യമായി ഭിന്നിക്കാതിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം അതല്ല പ്രതിപക്ഷത്ത്, കോൺഗ്രസ്സ് നയിക്കുന്ന മുന്നണിയാണുള്ളത്. സർക്കാർ വിരുദ്ധരുടെ വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യത അതു കൊണ്ട് തന്നെ വളരെ കൂടുതലുമാണ്. ആത്യന്തികമായി ഇതും, ഇടതുപക്ഷത്തിനാണ് നേട്ടമുണ്ടാക്കുക. ആര് നിഷേധിച്ചാലും, ഇതൊരു യാഥാർത്ഥ്യം തന്നെയാണ്.