UDF will use Solar ‘ incident ‘ for Assembly election campaign

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഏറ്റവും അധികം വേട്ടയാടാന്‍ പ്രതിപക്ഷം ഉപയോഗിച്ച സോളാര്‍ കേസ് തന്നെ പ്രതിപക്ഷത്തിനെതിരെ യുഡിഎഫ് പ്രചരണായുധമാക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എ.പി അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.സി വിഷ്ണുനാഥ്, മുന്‍ നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് എിവര്‍ക്കെതിരായ ബിജു രാധാകൃഷ്ണന്റെ സി.ഡി കഥ പൊളിഞ്ഞ സാഹചര്യത്തിലാണിത്.

കൊലക്കേസ് – തട്ടിപ്പ് കേസ് പ്രതിയായ ബിജുവിന്റെ വാക്കുകേട്ട് സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെ രംഗത്തുവന്ന സിപിഎമ്മിന്റെ പ്രചരണത്തെ പ്രതിരോധിക്കാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ലക്ഷ്യമിട്ടുമാണ് നീക്കം.

പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.

ഇതിന് സമാനമായി എല്ലാ ജില്ലകളിലും മണ്ഡല അടിസ്ഥാനത്തില്‍ പ്രകടനവും പൊതുയോഗങ്ങളും യുഡിഎഫ് സംഘടിപ്പിക്കും.

കെപിസിസിയും മുസ്ലീം ലീഗും നടത്തുന്ന കേരള യാത്രയിലെയും പ്രധാന പ്രചാരണ വിഷയം സോളാര്‍ തെന്നയാകും. മനഃപൂര്‍വ്വം സര്‍ക്കാരിനെയും മുന്നണിയെയും അസ്ഥിരപ്പെടുത്താന്‍ ബിജുരാധാകൃഷ്ണനെ കൂട്ട് പിടിച്ച് പ്രതിപക്ഷം ശ്രമിക്കുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ വ്യക്തി ജീവിതം തകര്‍ക്കുന്ന രൂപത്തില്‍ ലൈംഗിക ആരോപണമുന്നയിച്ചതിനെതിരെ പൊതു സമൂഹത്തില്‍ വികാരമുയര്‍ന്നിട്ടുണ്ടെന്നും അത് നേട്ടമാകുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

യുഡിഎഫ് സര്‍ക്കാരിനെ ഏറ്റവും അധികം കടന്നാക്രമിക്കാന്‍ പ്രതിപക്ഷം ഉപയോഗപ്പെടുത്തിയ സോളാര്‍ തന്നെ തിരിച്ചടിക്കാന്‍ ഭരണപക്ഷം ഉപയോഗിക്കുന്നത് കേരള രാഷ്ട്രീയത്തെ കലുഷിതമാക്കാനാണ് സാധ്യത.

പിണറായി വിജയന്‍ നയിക്കുന്ന സിപിഎമ്മിന്റെ കേരള യാത്രയിലും സോളാര്‍ പ്രധാന ആയുധമാണ്. ബിജു രാധാകൃഷ്ണന്‍ ഒളിപ്പിച്ച് വച്ചിടത്തുനിന്ന് വിദഗ്ദ്ധമായി മുഖ്യമന്ത്രിയും സംഘവും വിവാദ സിഡി തട്ടിയെടുത്തെന്നാണ് അവരുടെ ആരോപണം.

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുറത്തു വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

സി.ഡിയില്‍ കുരുങ്ങിയില്ലെങ്കിലും സരിതക്കും ബിജു രാധാകൃഷ്ണനും വഴിവിട്ട സഹായം ചെയ്തു കൊടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയും സംഘവും കുരുങ്ങുമെന്നും സര്‍ക്കാര്‍ പ്രതികൂട്ടിലാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

എന്നാല്‍ സിഡി കഥ തന്നെ പൊളിഞ്ഞതിനാല്‍ സോളാര്‍ കമ്മീഷന്‍, സാക്ഷിമൊഴികളുടെയും തെളിവുകളുടെയും കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും റിപ്പോര്‍ട്ട് എതിരാവില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ഭരണപക്ഷം.

Top