തിരുവനന്തപുരം : വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകുമെന്നും ഷാനിമോള്‍ വ്യക്തമാക്കി.
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂര്‍ പിടിക്കാനുള്ള ചുമതല ഷാനിമോള്‍ക്ക് കെപിസിസി നല്‍കിയിരിക്കുന്നത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂര്‍ ഐ ക്ക് നല്‍കിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്നായിരുന്നു ലിജുവിന്റെ ഉറച്ച നിലപാട്. ഇതോടെയാണ് ഷാനിമോള്‍ക്ക് അവസരം തെളിഞ്ഞത്.
രാത്രി വൈകി കെപിസിസിയില്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണ ഉണ്ടായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്.