തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന പ്രതികള്‍ക്കെതിരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം.
കേസില്‍ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് കൈയേറ്റ ശ്രമം നടന്നത്.
ഉടന്‍തന്നെ പൊലീസ് ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തില്‍ കോടതി പരിസരത്തു നിന്നും മാറ്റി.
കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമാണ് പ്രതികള്‍ക്ക് നേരെ കൈയേറ്റത്തിന് ശ്രമിച്ചത്.
നേരത്തെതമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവ് അടക്കം ആറ് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.
കൗസല്യയുടെ ഭര്‍ത്താവായ ദലിത് യുവാവ് ശങ്കറാണ് കൊല്ലപ്പെട്ടത്.
കൗസല്യയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.
ഉദുമലപേട്ട മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പുറകില്‍ നിന്ന് വെട്ടുകയായിരുന്നു.
യുവാവ് തല്‍ക്ഷണം മരിച്ചു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് ഇരുവരേയും വെട്ടിയത്.
കൊല്ലപ്പെട്ട ശങ്കര്‍ പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹശേഷം കുമാരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.