ഉദുമല്‍പേട്ട കൊലപാതകം; പ്രതികളുടെ വധശിക്ഷ റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അഞ്ച് പ്രതികളുടെ ശിക്ഷ 25 വര്‍ഷം ജീവപര്യന്തമായി കുറച്ചു.

കേസില്‍ ഒന്നാം പ്രതിയായിരുന്ന കൗസല്യയുടെ അച്ഛന്‍ ബി. ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ചിന്നസ്വാമിയെ എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എം. സത്യനാരായണന്‍, എം. നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2016 മാര്‍ച്ച് 13-നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവായ ശങ്കറി(22)നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ദളിത് സമുദായാംഗം മകളെ വിവാഹം കഴിച്ചതില്‍ കുപിതനായ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരൈയും ചേര്‍ന്ന് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചു. തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ഏറെ വിവാദമായ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി 2017 ഡിസംബര്‍ 12-നാണ് തിരുപ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവം നടത്തിയത്. കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമി അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതികളായിരുന്ന കൗസല്യയുടെ അമ്മ അണ്ണലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ, ബന്ധുവായ 16 കാരന്‍ എന്നിവരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.

Top