മുംബൈ: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവാദമായ ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് 13 വെട്ടി മാറ്റലുകളോടെ എ സര്‍ട്ടിഫിക്കറ്റ്. 89 സീനുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തതായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹലാനി അറിയിച്ചത്.
13 വെട്ടിമാറ്റലുകളോടെയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. സെന്‍സര്‍ ബോര്‍ഡിന്റെ ജോലി ഇതോടെ കഴിഞ്ഞു. തങ്ങളുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിര്‍മ്മാതാവിന് കോടതിയെ സമീപിക്കാമെന്നും പഹ്ലജ് നിഹലാനി പറഞ്ഞു.
സിനിമയ്ക്ക് അനുമതി നല്‍കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലിയെന്നും കത്രിക വയ്ക്കലല്ലെന്നും കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. അതേസമയം ഉഡ്താ പഞ്ചാബ് എന്ന ചിത്രം പഞ്ചാബിനെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത്.
സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. വിവാദത്തില്‍ അനുരാഗ് കശ്യപിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോഡും രംഗത്തെത്തിയിരുന്നു.