ഹൈദരാബാദ്: സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ പാകിസ്താനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. ചിത്രത്തില്‍ നിന്ന് 100 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ റിലീസ് വേണ്ടെന്ന തീരുമാനമെടുത്തത്.
ചിത്രം വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അതിനാല്‍ രംഗങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ അഭിഷേക് ചൗബെ പറഞ്ഞു.
പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാത്തത് വഴി വലിയ വരുമാന നഷ്ടം ചിത്രത്തിന് ഉണ്ടാകും. ഇത് ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യുന്നതിലും വലുതല്ല. പാക് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷെ നിയമനടപടി വേണ്ടെന്നാണ് തീരുമാനമെന്നും ചൗബെ ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ് വഴി ചിത്രം പുറത്തുവന്നെങ്കിലും അത് വരുമാനത്തെ ബാധിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ലഹരി മരുന്നുകളുടെ വില്‍പനക്കും ലഹരി ഉപയോഗിക്കുന്നത് വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്കും എതിരായ സന്ദേശമാണ് ‘ഉഡ്താ പഞ്ചാബ്’. യഥാര്‍ഥ്യത്തെയാണ് ചിത്രം തുറന്നു കാട്ടുന്നതെന്നും അഭിഷേക് ചൗബെ വ്യക്തമാക്കി.
‘ഉഡ്താ പഞ്ചാബി’ലെ 89 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വലിയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും വഴിവെച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കള്‍ മഹരാഷ്ട്ര ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ചിത്രത്തിലെ ഒരു രംഗം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്തത്.