Udta Punjab movie leaked online

സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങളെ തുടര്‍ന്ന് ശ്രദ്ധനേടിയ ബോളിവുഡ് ചിത്രം ‘ഉഡ്ത പഞ്ചാബ്’ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍സറിങിനായി സിബിഎഫ്‌സിയ്ക്ക് സമര്‍പ്പിച്ച പതിപ്പാണ് ചോര്‍ന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

‘ഫോര്‍ സെന്‍സര്‍’ എന്ന് പുറത്തായ വീഡിയോയില്‍ എഴുതിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിത്രത്തിന്റെ 40 മിനിറ്റുള്ള ഭാഗമാണ് ചോര്‍ന്നതെന്നും അതല്ല മുഴുവന്‍ സിനിമ തന്നെ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ എത്തിയിട്ടുണ്ടെന്നുമൊക്കെ സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാക്കളില്‍ ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ സിനിമയുടെ പേരില്‍ നിന്ന് പഞ്ചാബ് നീക്കണമെന്നും ചിത്രത്തിന് 82 കട്ടുകള്‍ വേണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

തിങ്കളാഴ്ചയാണ് ‘ഉഡ്താ പഞ്ചാബ്’ നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഎഫ്‌സിയുടെ ’89 കട്ടുകള്‍’ എന്ന ആവശ്യത്തെ കണക്കിന് വിമര്‍ശിച്ച കോടതി ചിത്രത്തിന് ഒരു കട്ട് മാത്രം നടത്തി പ്രദര്‍ശനാനുമതി നല്‍കണമെന്നും പറഞ്ഞു.

‘എ’ സര്‍ട്ടിഫിക്കറ്റോടെ അനുമതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

Top