ഹൈദരാബാദ്: റിലീസിന് മുമ്പായി വിവാദ സിനിമ ഉഡ്ത പഞ്ചാബ് ചോര്‍ത്തി നല്‍കിയത് 732 ടോറന്റ് വെബ്‌സൈറ്റുകള്‍. തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആന്റി പൈറസി വിഭാഗമാണ് സിനിമ ഇന്റര്‍നെറ്റില്‍ നല്‍കിയ വെബ്‌സൈറ്റുകളെക്കുറിച്ചു വിവരം ശേഖരിച്ചത്.
സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കോപ്പിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതെന്ന് ഹൈദരാബാദ് ആന്റി പൈറസി വിഭാഗം തലവന്‍ രാജ് കുമാര്‍ ഉറപ്പിച്ചുപറയുന്നു. സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേദിവസം തന്നെയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സിനിമയുടെ നിര്‍മാതാക്കള്‍ ഉടന്‍തന്നെ മുംബൈ പോലീസിന്റെ സൈബര്‍ വിംഗിനെ സമീപിക്കുകയായിരുന്നു.
സിനിമ ഇന്റര്‍നെറ്റില്‍ നല്‍കിയ വെബ്‌സൈറ്റുകളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഈ സൈറ്റുകളില്‍നിന്നു സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 2 മണിക്കൂറും 20 മിനിറ്റും ദൈര്‍ഘ്യമുള്ളതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പതിപ്പ്.
ഇതിനിടെ, മുംബൈയില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നും സെന്‍സര്‍ കോപ്പിയെന്ന് ഇതില്‍ വ്യക്തമായി കാണാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.