സൂറിച്ച് : യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ, പിഎസ്ജി, എസി മിലാന്‍ ടീമുകള്‍ ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്പ്യന്‍ ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാരെ തേടിയുള്ള പെരും പോരാട്ടത്തിന് ഇന്ന് ആദ്യ വിസില്‍. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി, സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ്. സൂപ്പര്‍ കപ്പിലൂടെ സീസണിലെ കിരീടവേട്ട തുടങ്ങിയ സിറ്റി, പ്രീമിയര്‍ ലീഗില്‍ അഞ്ചില്‍ അഞ്ച് കളിയും ജയിച്ച് മിന്നും ഫോമിലാണ്.
എര്‍ലിംഗ് ഹാലണ്ടിന്റെ മാരക ഗോളടി മികവ് തന്നെയാണ് സിറ്റിയുടെ കരുത്ത്. കൂട്ടിന് ഹൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ, റൊഡ്രി എന്നിവരുമുണ്ട്. എല്ലാത്തിനുമപ്പുറം പെപ് ഗാര്‍ഡിയോളയെന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങളും. രാത്രി പന്ത്രണ്ടരക്കാണ് മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്മാരായ ബാഴ്‌സലോണ, ബെല്‍ജിയം ക്ലബ് ആന്റ്‌വെര്‍പ്പിനെ നേരിടും.
സിറ്റിയെ കിരീടത്തിലേക്ക് നയിച്ച ഇല്‍ക്കെ ഗുന്ദോകന്‍, യാവോ ഫെലിക്‌സ്, യാവോ കാന്‍സലോ എന്നീ പുത്തന്‍ സൈനിംഗുകള്‍ക്കൊപ്പം റൊബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഗാവി, ഫ്രാങ്കി ഡിയോംഗ്, റാഫീഞ്ഞ എന്നിവരാണ് ബാഴ്‌സയുടെ കരുത്ത്. പിഎസ്ജി, ബൊറൂസിയ ഡോര്‍ഡ്മുണ്ട് വമ്പന്‍ പോരാട്ടവും ഈ സമയത്തുണ്ട്. ലിയോണല്‍ മെസിയും നെയ്മര്‍ ജൂനിയറും ക്ലബ് വിട്ടതോടെ കിലിയന്‍ എംബാപ്പെയ്ക്ക് കൂട്ടിന് ഡെംബേലെ, അസന്‍സിയോ അടക്കമുള്ളവരെ നല്‍കിയാണ് പിഎസ്ജി ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം തേടിയുള്ള പോരിനിറങ്ങുന്നത്.
അത്‌ലറ്റികോ മാഡ്രിഡ്, ലാസിയോ മത്സരവും രാത്രി പന്ത്രണ്ടരയ്ക്കുണ്ട്. രാത്രി പത്തേ കാലിന് തുടങ്ങുന്ന എസി മിലാന്‍ ന്യൂകാസില്‍ യുണൈറ്റഡ് പോരാട്ടവും ആദ്യ ദിനത്തെ ആവേശകരമാക്കും.