ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ യുവേഫ നടപ്പിലാക്കാന്‍ പോകുന്ന പരിഷ്‌കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. മത്സരങ്ങളുടെ എണ്ണം കൂട്ടുന്നതിനെതിരെയാണ് ഗ്വാര്‍ഡിയോള രംഗത്തെത്തിയത്.
എല്ലാ താരങ്ങളും മത്സരങ്ങള്‍ കുറയ്ക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ ഫിഫയും യുവേഫയും അതിന്റെ വിപരീതമാണ് ചെയ്യുന്നത്. അവര്‍ മത്സരങ്ങളുടെ എണ്ണം കൂട്ടുകയാണ്. ഇനി ഫിഫയോടും യുവേഫയും എനിക്ക് ഒരു കാര്യമേ ആവശ്യപ്പെടാനുള്ളു. ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം കൂട്ടിത്തരണം എന്നാണത്. ഒരു വര്‍ഷം 499 ദിവസമെങ്കിലും ആക്കി മാറ്റണം.’ ഗ്വാര്‍ഡിയോള പറയുന്നു.
ഇത്രയധികം മത്സരങ്ങള്‍ വന്നാല്‍ മത്സരക്രമം ടൈറ്റാകുമെന്നും പരിക്ക് കൂടുമെന്നും ഫിഫയ്ക്ക് അറിയാം. പക്ഷേ അവര്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും ഗ്വാര്‍ഡിയോള ചൂണ്ടിക്കാട്ടുന്നു. ചാമ്പ്യന്‍സ് ലീഗില്‍ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ ഓരോ ടീമും കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരും. നേരത്തെ ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.