സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നഷ്ടമാവില്ല. താരത്തിന് രണ്ട് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരു മത്സരത്തില്‍ നിന്നാക്കി കുറച്ചു.
വലന്‍സിയക്കെതിരേ മത്സരത്തില്‍ എതിര്‍താരത്തിന്റെ മുടി പിടിച്ച് വലിച്ചതിന് താരത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. കൂടാതെ ആ മത്സരത്തില്‍ ചുവപ്പ് കാര്‍ഡും ലഭിച്ചിരുന്നു.
എന്നാല്‍ കാര്‍ഡ് ലഭിക്കാനുളളതൊന്നുമില്ലെന്ന് റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് താരം അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ യുവേഫ തീരുമാനമെടുത്തപ്പോള്‍ ശിക്ഷ കുറയ്ക്കുകയായിരുന്നു. ഇതോടെ യങ് ബോയ്‌സിനെതിരായ മത്സരം മാത്രമേ പോര്‍ച്ചുഗീസ് താരത്തിന് നഷ്ടമാവുകയുളളു.
അതു കഴിഞ്ഞ് ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാം. തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലേക്കുള്ള മടക്കവും ഇതോടെ സാധ്യമാവും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ വളര്‍ന്നു വന്ന റൊണാള്‍ഡോക്ക് ഇപ്പോഴും മാഞ്ചസ്റ്ററില്‍ ആരാധകരുണ്ട്. നേരത്തെ റയല്‍ മാഡ്രിഡില്‍ ആയിരുന്നപ്പോഴും ക്രിസ്റ്റ്യാനോ ഓള്‍ഡ് ട്രാഫോഡില്‍ കളിച്ചിരുന്നു.