യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസിയെ തിരഞ്ഞെടുത്തു.

MESSIII

വാഷിങ്ടണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ടോട്ടനം ഹോസ്പറിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിയ താരം ബാഴ്‌സയുടെ മുഴുവന്‍ ഗോളുകളിലും പങ്കാളിയായിരുന്നു. മത്സരത്തിലെ ഇരട്ടഗോള്‍ പ്രകടനത്തോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍മാരില്‍ മെസിയാണു മുന്നില്‍ നില്‍ക്കുന്നത്.

ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പി എസ് വിക്കെതിരെ ഹാട്രിക്ക് നേടിയ താരം ആ ആഴ്ചയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ പ്രാവശ്യം നടന്ന മത്സരങ്ങളില്‍ ഹാട്രിക്ക് നേടിയ മൂന്നു താരങ്ങളെ മറികടന്നാണ് മെസി പുരസ്‌കാരം നേടിയത്. നെയ്മര്‍, ഡിബാല, സെക്കോ എന്നിവരെയാണ് മെസി പിന്നിലാക്കിയത്.

നെയ്മര്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയും ഡിബാല യങ്ങ് ബോയ്‌സിനെതിരെയുമാണ് ഹാട്രിക്ക് നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

വിക്ടോറിയ പ്ലസനെ ആറു ഗോളുകള്‍ക്ക് റോമ തകര്‍ത്ത മത്സരത്തിലാണ് സെക്കോയുടെ ഹാട്രിക്ക് പിറന്നത്. എന്നാല്‍ ടോട്ടനം ഹോസ്പറിനെതിരെ കളിക്കളം അടക്കി ഭരിച്ച മെസി എല്ലാവരെയും പിന്നിലാക്കുകയായിരുന്നു.

മികച്ച താരത്തിനു പുറമേ മികച്ച ഗോളിനുള്ള പുരസ്‌കാരവും ബാഴ്‌സ താരമാണു സ്വന്തമാക്കിയത്. ബാഴ്‌സ മധ്യനിര താരം ഇവാന്‍ റാകിറ്റിചിന്റെ അക്രോബാറ്റിക് ഹാഫ് വോളിയാണ് മികച്ച ഗോളിനുള്ള പുരസ്‌കാരം നേടിയത്.

Top