സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തീപാറുന്ന പോരാട്ടങ്ങൾ. പിഎസ്ജി- ബയേണ്‍ മ്യൂനിച്ച്, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് റയല്‍ കിരീടം നേടിയിരുന്നത്. ഇംഗ്ലീഷ്് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ജര്‍മന്‍ ക്ലബ് ലെപ്‌സിഗിന നേരിടും. ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാമിന്, ഇറ്റാലിയന്‍ ടീം എ സി മിലാനാണ് എതിരാളി. ചെല്‍സി, ഡോര്‍ട്ട്മുണ്ടിനെതിരേയും ഇന്റര്‍ മിലാന്‍, പോര്‍ട്ടോയ്‌ക്കെതിരേയും കളിക്കും. നാപോളി, എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടാണ് മത്സരം.
ഫെബ്രുവരി 14ന് ക്ലബ് ബ്രുഗെ- ബെന്‍ഫിക്ക മത്സരത്തോടെയാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ബെല്‍ജിയന്‍ ക്ലബ്ബായ ബ്രുഗ്ഗെയുടെ ഗ്രൗണ്ടിലാണ് മത്സരം. ലിവര്‍പൂള്‍- റയല്‍ ആദ്യപാദ മത്സരം ആന്‍ഫീല്‍ഡിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി, ആദ്യ പാദ മത്സരത്തിനായി ലെപ്‌സിഗിലെത്തും. ഇന്ററിന്റെ ആദ്യ പാദ മത്സരത്തിന് ഹോംഗ്രൗണ്ടാണ് വേദി. ചെല്‍സിക്കും ആദ്യം എവേ മത്സരമാണ്. ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് എതിരാളി.
ലിയോണല്‍ മെസി ഏറെ കാലത്തിന് ശേഷം ബയേണ്‍ മ്യൂനിച്ചിനെതിരെ കളിക്കുന്ന ചാംപ്യന്‍സ് ലീഗ് സീസണ്‍ കൂടിയായിരിക്കുമിത്. ഇത്തവണ പിഎസ്ജിക്കൊപ്പമാണ് മെസിയെന്നുള്ളതാണ് പ്രത്യേകത. ടോട്ടന്‍ഹാമിന് ആദ്യപാദ മത്സരം മിലാന്റെ ഗ്രൗണ്ടിലാണ്. ഇന്റര്‍ മിലാന്‍ ആദ്യപാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ പോര്‍ട്ടോയെ നേരിടും.