യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ സ്ഥാപകരായ ടീമുകള്‍ക്കെതിരായ കേസ് പിന്‍വലിച്ച് യുവേഫ

മാഡ്രിഡ് : വിവാദമായ യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ സ്ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കെതിരായ കേസ് പിന്‍വലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുന്‍നിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകള്‍ ചേര്‍ന്നാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്.

അതേസമയം, യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടില്‍ നിന്ന് നേരത്തെ തന്നെ യുവേഫ മലക്കം മറിഞ്ഞിരുന്നു. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ടീമുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് പിന്നീട് നിലപാടില്‍ നിന്ന് പിന്നാക്കം പോയത്. തത്കാലം ഈ ക്ലബുകള്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നായിരുന്നു യുവേഫയുടെ തീരുമാനം.

വിവാദമായതിനു പിന്നാലെ ക്ലബുകള്‍ ഓരോന്നായി പിന്മാറി. എന്നാല്‍, യുവന്റസ്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഈ ടീമുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് യൂറോപ്യന്‍ സൂപ്പര്‍ ലീഗിനു പിന്തുണ നല്‍കിയത്. ഈ ക്ലബുകളെല്ലാം ലീഗില്‍ നിന്ന് പിന്മാറി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പിന്തുണ പിന്‍വലിച്ചു. ലിവര്‍പൂള്‍, ആഴ്‌സണല്‍, ടോട്ടനം, ചെല്‍സി എന്നിവര്‍ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകളും പിന്തുണ പിന്‍വലിച്ചു. ഇതോടെ ലീഗ് നടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top