മിലാന്‍: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ആവേശപ്പോരാട്ടത്തിനൊടുവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. മഡ്രിഡുകാരുടെ ബലപരീക്ഷണമായി മാറിയ ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും 11ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.
ഷൂട്ടൗട്ടില്‍ 53ന് റയല്‍ 11ാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. അത്‌ലറ്റികോക്ക് മൂന്നാം വട്ടം മടക്കവും. അത്‌ലറ്റികോയുടെ യുവാന്‍ഫ്രാന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി വഴിമാറിയപ്പോള്‍ റയല്‍ മുഴുവനും ലക്ഷ്യത്തിലത്തെിച്ചു. ലൂകാസ്, മാഴ്‌സലോ, ബെയ്ല്‍, റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് റയലിനായി വലകുലുക്കിയത്.
മിലാനിലെ സാന്‍സിറോ ഗ്വിസിപ്പെ സ്റ്റേഡിയത്തില്‍ റയലിന്റെ വെള്ളയും, അത്‌ലറ്റികോയുടെ ചുവപ്പന്‍ വരയന്‍ കുപ്പായവുമണിഞ്ഞ് ഒഴുകിയത്തെിയ കാണികള്‍ക്കു മുന്നില്‍ കളിയും ഒപ്പത്തിനൊപ്പമായിരുന്നു. 15ാം മിനിറ്റില്‍ ബെയ്‌ലിന്റെ ഹെഡ്ഡറിലൂടെയത്തെിയ പന്ത് വലയിലേക്ക് തട്ടിയിട്ട് സെര്‍ജിയോ റാമോസ് റയലിന് ലീഡ് സമ്മാനിച്ചു.
പ്രതിരോധം ശക്തമാക്കി ജയമുറപ്പിച്ച റയലിനെ നിരാശപ്പെടുത്തിയ 78ാം മിനിറ്റില്‍ ഫെരീറ കറാസ്‌കോ അത്‌ലറ്റികോയുടെ സമനില നേടി. 48ാം മിനിറ്റില്‍ ഗ്രീസ്മാന്റെ പെനാല്‍റ്റി പാഴായതിനുള്ള നഷ്ടപരിഹാരം കൂടിയായിരുന്നു ഈ ഗോള്‍.