സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഉഗാണ്ട പാര്‍ലമെന്റിലെ കസേരയേറ്‌

നൈറോബി: നിയമസഭയില്‍ കയ്യാങ്കളിയും കസേരയേറുമെല്ലാം നാം നമ്മുടെ നാട്ടില്‍ കണ്ട് കഴിഞ്ഞ സംഭവമാണ്.

എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ മാത്രമല്ല സാധിക്കുക എന്നത് തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.

ഉഗാണ്ടയിലെ പാര്‍ലമെന്റില്‍നിന്നുള്ളതാണ് അണ്‍പാര്‍ലമെന്ററിയായിട്ടുള്ള ഈ കാഴ്ച.

കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ ഇരു പക്ഷങ്ങള്‍ പരസ്പരം ഏറ്റമുട്ടുന്നതിന്റെയും അക്രമം അഴിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ദീര്‍ഘകാലമായി ഉഗാണ്ടയുടെ പ്രസിഡന്റായിരിക്കുന്ന യൊവേരി മുസേവനിയുടെ ഭരണ കാലാവധി നീട്ടി നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ നടന്നത്.

ഉഗാണ്ടയുടെ ഭരണഘടന പ്രകാരം 75 വയസ്സിനു മേല്‍ പ്രായമുള്ള ആള്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല.

മൂന്നു പതിറ്റാണ്ടോളമായി സ്ഥാനത്തു തുടരുന്ന മുസേവനിയ്ക്ക് ഇപ്പോള്‍ 73 വയസ്സാണുള്ളത്.

2021 വരെയുള്ള പുതിയ ഭരണ കാലയളവില്‍ അധികാരത്തില്‍ തുടരുന്നതിന് നിയമനിര്‍മാണം നടത്താനുള്ള മുസേവനിയുടെ നീക്കം പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തതാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.

സര്‍ക്കാര്‍ അനുകൂല സാമാജികരും പ്രതിപക്ഷ സാമാജികരും തമ്മില്‍ പൊരിഞ്ഞ അടിയാണ് സഭയില്‍ നടന്നിരിക്കുന്നത്.

Top