ഗസ്റ്റ് ലക്ചറര്‍മാരുടെ ശമ്പളം 50,000ആക്കണം; സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഗസ്റ്റ് ലക്ചറര്‍മാരുടെ ശമ്പളം ഉയര്‍ത്താന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ നിര്‍ദേശം. ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് മണിക്കൂറിന് 1500 രൂപയും ശമ്പളം പരമാവധി 50,000 രൂപയും ആക്കി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ പത്തിന് ചേര്‍ന്ന യു.ജി.സി യോഗത്തില്‍ ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്‌കരണം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നതായി അധികൃതര്‍ അറിയിച്ചു. കമ്മീഷന്‍ അനുവദിച്ചിട്ടുള്ള ഒഴിവുകളിലേക്ക് മാത്രമേ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാവൂ എന്ന് നേരത്തെ യു.ജി.സി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജോലിഭാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 20 ശതമാനം വരെ അധിക നിയമനമാകാമെന്ന് പുതിയ വിജ്ഞാപനത്തില്‍ യു.ജി.സി പറയുന്നു.

ഗസ്റ്റ് ലക്ചറര്‍മാരാകാന്‍ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ച യോഗ്യത തന്നെയാണ് വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.സാധാരണ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങളോ പെന്‍ഷനോ അവധിയോ ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.സൂപ്പര്‍ ആന്വേഷനിലൂടെ ഗസ്റ്റ് ലക്ചറര്‍ ആകുന്നതിന് പരമാവധി പ്രായപരിധി 70 ആയിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

നിലവില്‍ മണിക്കൂറിന് 1000 രൂപയും ശമ്പളം പരമാവധി 25,000 രൂപയുമാണ് ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത്.

Top