നെറ്റ്, പിജി പരീക്ഷകള്‍ ഒരേ ദിവസം; വെട്ടിലായി കേരള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ആയതു കാരണം വിദ്യാര്‍ഥികള്‍ വെട്ടിലായി. 15-ാം തീയതി നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ 22, 24, 26 തീയതികളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 22-ാം തീയതിയാണ് നെറ്റ് പരീക്ഷ ആരംഭിക്കുന്നത്.

സെമസ്റ്റര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും തയാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.

പരീക്ഷ മാറ്റുമോയെന്നറിയാന്‍ ഹെല്‍പ് ഡെസ്‌കില്‍ വിദ്യാര്‍ഥികള്‍ വിളിച്ചപ്പോള്‍ മാറ്റുമെന്നായിരുന്നു മറുപടി. എന്നാല്‍, 22-ാം തീയതിയിലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.

Top