ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനായി വിവിധ റാങ്കിംഗ് സംവിധാനങ്ങൾ നിർബന്ധമാക്കാനൊരുങ്ങി യുജിസി. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ, എൻബിഎ, എൻഐആർഎഫ് എന്നീ റേറ്റിംഗുകൾ നിർബന്ധമാക്കാനാണ് പദ്ധതിയിടുന്നത്. മൂന്നിലധികം കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന കോളേജുകളുടെ ആകെ എൻബിഎ യോഗ്യത 60 ശതമാനം ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
എൻഐആർഎഫ് റാങ്കിംഗിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണയെങ്കിലും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകണം എന്നീ വ്യവസ്ഥകളാണ് യുജിസി ഫിറ്റ്‌നസ് ഓഫ് കോളേജസ് ഫോർ റിസീവിംഗ് ഗ്രാൻഡ് എന്ന ഭേദഗതിയുടെ കരട് മാർഗ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് നാല് വരെ ഇത് സംബന്ധിച്ച മാർഗരേഖയിൽ പൊതുജനങ്ങൾക്ക് അഭിപ്രായം പങ്കുവയ്‌ക്കാവുന്നതാണ്.
കൂടാതെ കോളേജുകളിൽ അനുവദിച്ചിട്ടുള്ള അദ്ധ്യാപക തസ്തികകളിൽ 75 ശതമാനം നിയമനവും നടന്നിരിക്കണമെന്നും അദ്ധ്യാപകർക്ക് കേന്ദ്ര-സംസ്ഥാന ശമ്പള നിരക്ക് നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.