ഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും സർക്കാർ ട്വിറ്റർ അക്കൗണ്ടുകൾകെതിരെ സൈബർ ആക്രമണം. യുജിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ന് ഹാക്ക് ചെയ്തു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം യുജിസി അറിഞ്ഞത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റേയും കാലാവസ്ഥ വകുപ്പിന്റേയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു.
നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്കർമാരുടെ കൈയിലായത്. പ്രൊഫൈലിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. ഹാക്കർമാർ നൂറോളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തത്.
മണിക്കൂറുകൾക്കകം രണ്ട് അക്കൗണ്ടുകളും പുനഃസ്ഥാപിച്ചിരുന്നു. നാല് മില്യൺ ഫോളോവേഴ്സാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ട്വിറ്റർ അക്കൗണ്ടിനുള്ളത്.